Thursday, June 30, 2011

ആദാമിന്റെ മകന്‍ അബു

ഒരു പാട് കാലത്തിനു ശേഷം ഒരു മലയാള സിനിമ കണ്ടു മനസ്സ് നിറഞ്ഞു.
ദേശീയ അവാര്‍ഡു കമ്മറ്റിയുടെ തീരുമാനം ഒട്ടും തെറ്റിയില്ല.ഒരു യുവസംവിധായകനില്‍ നിന്നും പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് സലിം അഹമദ് എന്ന പ്രതിഭ.നല്ല തിരക്കഥയും.ഓരോ സീനും സൂക്ഷ്മവും മനോഹരവുമായി ചിത്രീകരിച്ചിരിക്കുന്നു.മധു അമ്പാട്ടിന്റെ ക്യാമറ അതി മനോഹരം.ചില ഷോട്ടുകള്‍ സുന്ദരമായ ...പെയിന്റിങ്ങുകളെ ഓര്‍മ്മിപ്പിക്കുന്നു...ഏറ്റവും എടുത്തു പറയേണ്ടത് സലിം കുമാറിന്റെ അത്തരു കച്ചവടക്കാരന്‍ അബു തന്നെ......എത്രയോ സിനിമകളില്‍ നമ്മെ പൊട്ടിച്ചിരിപ്പിച്ച സലിം കുമാര്‍ ആണോ ഇതെന്ന് തോന്നിപ്പോകും.രൂപം കൊണ്ടും ഭാവം കൊണ്ടും ശബ്ദം കൊണ്ടും അസാധ്യമായ അഭിനയം കൊണ്ടും അദ്ദേഹം ശരിക്കും വൃദ്ധനും രോഗിയും ദരിദ്രനുമായ അബുവായി ജീവിക്കുകയായിരുന്നു.....ഒപ്പം സറീനാ വഹാബ് ശരിക്കും നാം നാട്ടിന്‍ പുറത്തൊക്കെ കാണാറുള്ള ഭക്തയായ ഒരു ഉമ്മ............കലാ സംവിധാനം,പശ്ചാത്തല സംഗീതം,ഗാനങ്ങള്‍...ശരിക്കും രണ്ടു മണിക്കൂര്‍ നേരം നാം അബുവിന്റെയും ആയിശുവിന്റെയും കൂടെ ആയിരുന്നു.അവരുടെ ആഹ്ലാദം കണ്ടു മനസ്സ് നിറഞ്ഞും ,അവരുടെ സങ്കടങ്ങള്‍ കണ്ടു കണ്ണ് നിറഞ്ഞും...കോടികള്‍ മുടക്കിയ സൂപ്പര്‍ താര സിനിമകള്‍ സഹിക്കാനാവാതെ ആളുകള്‍ തിയേറ്റര്‍ വിട്ടു ഓടി രക്ഷപ്പെടുന്ന കേരളത്തിലെ പ്രേക്ഷകര്‍ക്ക്‌ ഈ സിനിമ നല്‍കുന്നത് വലിയൊരു ആശ്വാസവും പ്രതീക്ഷയുമാണ്.....ലളിതമായ ഒരു കഥ ഏറ്റവും ഒതുക്കത്തോടെ മനോഹരമായി പറയാന്‍ കഴിഞ്ഞു എന്നതാണ് സംവിധായകന്റെ വിജയം...ഒപ്പം മലയാളി സിനിമാ പ്രേക്ഷകന്റെ സന്തോഷവും...

Wednesday, June 22, 2011

ഇവരെയും ഓര്‍ക്കുക ......

         നാട്ടിന്‍പുറത്തെ നിരത്തരുകില്‍ രാവിലെ ഏഴുമണിക്ക് മുമ്പ് എല്ലാ സ്കൂള്‍ ദിനങ്ങളിലും ഒരു കാഴ്ച കാണാം.യൂണിഫോമിട്ട ചെറിയ കുട്ടികളുമായി ഉമ്മമാര്‍.സ്കൂള്‍ വാഹനവും കാത്തുള്ള നില്‍പ്പാണ്.ആ നില്‍പ്പിലും ചില മാതാക്കള്‍ തലേന്ന് പഠിപ്പിച്ച കാര്യങ്ങള്‍ പുസ്തകം നിവര്‍ത്തി ഒന്നുകൂടി പഠിപ്പിച്ചുകൊടുക്കുന്നതും ചോദ്യം ചോദിക്കുന്നതും കാണാം.....പെരും മഴക്കാലത്ത് പോലും മുടങ്ങാതെ  കാണുന്നകാഴ്ച.                                                                                                                             .                        എനിക്കറിയാം ഈ സ്ത്രീകള്‍ ഭൂരിപക്ഷവും ഗള്‍ഫുകാരുടെ ഭാര്യമാരാണ്..ഗള്‍ഫുകാരന്റെ വേദനകളെ കുറിച്ചും ദുഖങ്ങളെ കുറിച്ചും ചുരുങ്ങിയത് ഗള്‍ഫുകാരെങ്കിലും അറിയുന്നുണ്ട്.ഇപ്പോള്‍ എഴുത്തിലൂടെയും സിനിമകളിലൂടെയും ഒക്കെയായി യഥാര്‍ത്ഥ ഗള്‍ഫുകാരനെ മറ്റുള്ളവര്‍ മനസ്സിലാക്കുന്നുണ്ട്.അത്രയെങ്കിലും ആശ്വാസം...............എന്നാല്‍ നാട്ടില്‍ ജീവിക്കുന്ന ഗള്‍ഫുകാരുടെ ഭാര്യമാരെ കുറിച്ച് .........പഴയ കത്തുപാട്ടിലെ വിരഹത്തെ കുറിച്ചല്ല.ഒരു പാട് കത്ത് പാട്ടുകളിലൂടെ ഇപ്പോള്‍ ടെലി സിനിമകളിലൂടെ അതും അറിഞ്ഞതാണ്.ഇതിനുമപ്പുറം ഗള്‍ഫുകാരുടെ ഭാര്യമാരെ കുറിച്ച് അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച്.അവര്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ഏറെയൊന്നും എവിടെയും പരാമര്‍ശിച്ചതായി കാണുന്നില്ല.നാം കാണാതെ പോകുന്ന അത്തരം ഒരു വിഷയത്തെ കുറിച്ചാണ് ഇത് .                                                                                                                                                             .ഇന്ന്        'ഗള്‍ഫുകാരുടെ  മക്കള്‍ പഴയ പോലെ അല്ല പഠിച്ചു മുന്നേറുന്നു'..... എന്ന സന്തോഷകരമായ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതോടൊപ്പം ഈ വിജയത്തിലേക്ക് അവരെ എത്തിച്ച,.. ഈ വെള്ളി വെളിച്ചത്തിനപ്പുറം സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി ആരും കാണാതെ പ്രാര്‍ഥനയോടെ നില്‍ക്കുന്ന ഇവരെ നാം അറിയുക ഗള്‍ഫു പ്രവാസികളുടെ ഭാര്യമാരെ ....കുടുംബം പോറ്റാന്‍ നാം മരുഭൂമിയില്‍ കത്തിയെരിയുമ്പോള്‍ നമ്മുടെ മക്കളുടെ നല്ല ഒരു നാളേക്ക് വേണ്ടി അല്ലെങ്കില്‍ ഇനി വരാനുള്ള തലമുറകള്‍ക്ക് വെളിച്ചമാവാന്‍ വേണ്ടി ഊണും ഉറക്കവും അപൂര്‍വ്വമായി വീണു കിട്ടുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും മാറ്റിവെച്ചുകൊണ്ട്..ഗള്‍ഫു പ്രവാസികളുടെ പ്രിയതമകള്‍ ............നേരത്തെ പറഞ്ഞല്ലോ കുഞ്ഞുങ്ങളെ സ്ക്കൂളില്‍ വിടാന്‍ വേണ്ടി റോഡരികില്‍ സ്ക്കൂള്‍ വാഹനവും കാത്തു നില്‍ക്കുന്ന അമ്മമാരെ കുറിച്ച്.ഈ സമയത്ത് കുട്ടികളെ ഒരുക്കി ഇറക്കണമെങ്കില്‍ അതിനു വേണ്ടി എത്ര നേരത്തെ ഉണരണം!.. കുട്ടികള്‍ക്കായി രാവിലെ വീട്ടില്‍ നിന്ന് കഴിക്കാനും പിന്നീട് സ്ക്കൂളില്‍ നിന്ന് കഴിക്കാനുമുള്ള ഭക്ഷണം ഉണ്ടാക്കണം.രാവിലെ ചുരുണ്ട് കൂടി ഉറങ്ങാന്‍ ശ്രമിക്കുന്ന കുഞ്ഞു മടിയന്മാരെയും മടിച്ചികളെയും ഉണര്‍ത്തി,തഞ്ചവും താളവും പറഞ്ഞു പല്ല് തേപ്പിച്ചു കുളിപ്പിച്ച് തയ്യാറാക്കാനുള്ള പാട്.ഇസ്തിരിയിട്ട ഡ്രസ്സ്,ഷൂ,ടൈം ടേബിള്‍ ഒപ്പിച്ചു പുസ്തകങ്ങള്‍ ,ചിലപ്പോള്‍ ഭക്ഷണം വാരി കൊടുക്കേണ്ടി വരും.....രാവിലെ ചെറിയൊരു യുദ്ധക്കളമാണ് ഓരോ വീട്ടകവും.....ഇങ്ങനെ ഒരുക്കിയിറക്കി ചിലപ്പോള്‍ വീടും പൂട്ടി കുട്ടികളുമായി ഒരോട്ടമാണ്..............നാട്ടില്‍ മക്കള്‍ പഠിക്കുന്ന സ്ക്കൂളില്‍ പേരന്റ്സ്‌ മീറ്റിങ്ങിനു പോയിട്ടുണ്ടോ.രക്ഷിതാക്കളായി എത്തുന്നത്‌ ഭൂരിപക്ഷവും കുട്ടികളുടെ ഉമ്മമാര്‍ /അമ്മമാര്‍ ആയിരിക്കും.എന്ത് തിരക്കുണ്ടെങ്കിലും അവര്‍ അത് ഒഴിവാക്കാറില്ല.നാട്ടിലുണ്ടെങ്കിലും പല ഗള്‍ഫു പിതാക്കന്മാരും ഈ കാര്യത്തില്‍ വലിയ ഉത്തരവാദിത്തം കാണിക്കാറില്ല.അത് ഭാര്യയുടെ ചുമതലയാണ് എന്ന മട്ടാണ്.എന്നാല്‍ സ്ത്രീകള്‍ മീറ്റിങ്ങില്‍ പങ്കെടുക്കുക മാത്രമല്ല തങ്ങളുടെ മക്കളുടെ പഠനത്തെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും അധ്യാപകരോട് അന്വേഷിക്കും.ചോദിച്ചറിയും അവരുടെ കൂട്ടുകാരെ മനസ്സിലാക്കി വെക്കും.....പല ഉമ്മമാരും വിദ്യാഭ്യാസം കുറവാണെങ്കിലും തങ്ങളാലാവുന്ന വിധം വീട്ടില്‍ വെച്ച് പഠിക്കാന്‍ കുട്ടികളെ സഹായിക്കും ഒരു പകല്‍ മുഴുവന്‍ വീട്ടു ജോലി ചെയ്തു തളര്‍ന്ന് ഒന്ന് നടുവ് നിവര്‍ക്കുക പോലും ചെയ്യാതെയാണ് ഏറെ ക്ഷമയോടെ കുട്ടികളുമായി ഈ ഇരിപ്പ്. പ്രത്യേകിച്ചും ചെറിയ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള പാട്........വളരുന്തോറും അവരുടെ പഠിത്തത്തിലുള്ള ശ്രദ്ധ പരീക്ഷക്കാലത്തെ വേവലാതികള്‍.ആരെങ്കിലും അറിയുന്നുണ്ടോ ഇത്..പലപ്പോഴും കുട്ടികളുടെ പിതാക്കന്മാര്‍ പോലും ഇതിനെ കുറിച്ചൊന്നും ബോധവാന്‍മാരല്ല.കുട്ടികളുടെ പരീക്ഷാ സമയത്ത് നാട്ടിലെത്തുന്ന പിതാക്കന്മാര്‍ അപൂര്‍വ്വം.ഇനി അബദ്ധത്തില്‍ ആസമയത് നാട്ടില്‍ ഉള്ളവരില്‍ തന്നെ കുട്ടികളുമായി ടൂറു പോകാനും ചുറ്റിയടിക്കാനും ഈ സമയം ഉപയോഗപ്പെടുത്തുന്നവരുമുണ്ട് .......ആലോചിക്കൂ ഇന്ന് ഗള്‍ഫുകാരുടെ മക്കള്‍ നല്ല മാര്‍ക്ക് വാങ്ങി പാസ്സാകുന്നതിന്റെയും എന്ജിനീയറും ഡോക്ടറും ഒക്കെ ആയിതീരുന്നതിന്റെയും പിന്നില്‍ കഠിനാധ്വാനം ചെയ്യുന്ന മാതാക്കളെ ആരും കാണുന്നില്ല.....കൌമാരക്കാരായ മക്കള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ അവരെ കുറിച്ചുള്ള ഉത്കണ്ട ഒരു ഭാഗത്ത്‌.എന്നാല്‍ അവരെ പഠിപ്പിച്ചു ഉയര്‍ന്ന നിലയില്‍ എത്തിക്കാനുള്ള ആഗ്രഹം...... അതിനിടെ കുറ്റം കണ്ടെത്താനും അത് പറഞ്ഞു പരത്താനും കാത്തിരിക്കുന്ന ചില ബന്ധുക്കള്‍ ...ഏറെ ശ്രമകരമാണീ ദൌത്യം...ആണ്‍കുട്ടികള്‍ ആണെങ്കില്‍ ഒരു പതിനാലു വയസ്സൊക്കെ കഴിയുന്നതോടെ മാതാവിന്റെ നിയന്ത്രണത്തില്‍ നിന്നും കുതറാന്‍ തുടങ്ങും......പ്രത്യേകിച്ചും പിതാവ് നാട്ടിലില്ലാത്തതിന്റെ സ്വാതന്ത്ര്യം .പുതിയ കൂട്ട് കെട്ടുകള്‍ .മൊബൈലും ഇന്റര്‍നെറ്റും ദുരുപയോഗം ചെയ്യാനുള്ള വാസന....ഇവിടെയൊക്കെ മാതാവ് ഒരു പാട് വിഷമങ്ങള്‍ അനുഭവിക്കുന്നുണ്ട് .....കുട്ടികളുടെ എല്ലാ കാര്യങ്ങളും പലോപ്പോഴും പിതാവിനോട് പോലും തുറന്നു പറയാനാവാതെ സഹിക്കേണ്ടിവരും......എന്നിട്ടും ഇതൊക്കെ തരണം ചെയ്താണ് ഓരോ കുട്ടിയേയും പഠിപ്പിച്ചു നല്ല നിലയിലേക്ക് എത്തിക്കുന്നത്.എവിടെയെങ്കിലും ഇത്തിരി പാളിച്ച വന്നുപോയാല്‍ കുറ്റപ്പെടുത്താന്‍ നൂറു നാവുകളുണ്ടാവും....പഠിക്കാന്‍ പിറകിലോട്ടായ മക്കള്‍ ആണെങ്കില്‍ മുതിരും തോറും പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന ഉമ്മയോട് വെറുപ്പായിരിക്കും.....എന്നിട്ടും ഒരു വാശിപോലെ മക്കളുടെ വിദ്യാഭ്യാസത്തിനായി കഠിനമായി പരിശ്രമിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് എന്താണ്.മതിയായ വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ തങ്ങള്‍ അനുഭവിക്കേണ്ടിവന്ന,തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ സഹിക്കേണ്ടി വന്ന കഷ്ട്ടപ്പാടുകളോ....അതോ ഇനിയുള്ള കാലം വിദ്യാഭ്യാസം ഇല്ലാത്തവന് സമൂഹത്തില്‍ ഒരു വിലയുമുണ്ടാകില്ലെന്ന തിരിച്ചറിവോ,മക്കളോടുള്ള നിറഞ്ഞ സ്നേഹമോ ...........ഇവരെ, ഇവരുടെ കഷ്ട്ടപ്പാടുകളെ അറിയുക... ഒരു പാട് ത്യാഗം സഹിക്കുന്ന ഈ അറിയപ്പെടാത്ത ജീവിതങ്ങളെ മനസ്സുകൊണ്ടെങ്കിലും ആദരിക്കുക.....
ബഹറിനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 4pm news പത്രത്തിന്‍റെ ആഴ്ചപ്പതിപ്പായ 'സസ്നേഹം' 02.01.2014 ല്‍ പ്രസിദ്ധീകരിച്ചത്. 

Thursday, June 9, 2011

മലയാളി

കേരളത്തില്‍ ഇന്ന് പൊതുവേ തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്‌.നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായാലും ഹോട്ടെല്‍ ജോലിക്കാണെങ്കിലും ജോലി ചെയ്യാന്‍ ആളെ കിട്ടാനില്ല എന്നതാണ് വാസ്തവം   . അത് കൊണ്ടു തന്നെ കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ബീഹാറില്‍ നിന്നും ബംഗാളില്‍നിന്നുമൊക്കെ തൊഴിലാളികളെ ഇറക്കുമതി  ചെയ്യുകയാണ്. നാട്ടിന്‍റെ നാനാഭാഗത്തും ഇപ്പോള്‍ മറുനാട്ടുകാരായ തൊഴിലാളികളെ കാണാം. സത്യത്തില്‍ മറുനാട്ടില്‍ നിന്നുള്ള ഈ തൊഴിലാളികള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കേരളം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു പോയേനെ. എന്നാല്‍ രസകരമായ മറ്റൊരു വശമുണ്ട്  .ഇന്ത്യാ രാജ്യത്തുനിന്ന് ഗള്‍ഫ്‌ രാജ്യങ്ങളിലേക് തൊഴില്‍ തേടി പോയവരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്നും ഗള്‍ഫിലേക്കുള്ള മലയാളികളുടെ ഒഴുക്ക്  കുറഞ്ഞിട്ടില്ല. കേരളത്തിലുള്ളതില്‍ നിന്നും നേരെ വിപരീതമായ കാലാവസ്ഥയാണ് ഗള്‍ഫിലെത്. നാട്ടില്‍ കര്‍ക്കടകത്തില്‍   പെരുമഴ പെയ്യുമ്പോള്‍ അതെ സമയം ഗള്‍ഫില്‍ ചുട്ടു പഴുത്ത ചൂടാണ്. ഈ കൊടും ചൂടിലും നട്ടെല്ല് വിറയ്ക്കുന്ന തണുപ്പിലും മരുഭൂമിയില്‍ കടി നാധ്വനം  ചെയ്യുന്നവരാണ് മലയാളികളില്‍ വലിയൊരു ശതമാനവും. കുറെ ആളുകള്‍ കടകളിലും ഹൊട്ടലുകളിലുമൊക്കെയായി ജോലിചെയ്യുന്നു. പന്ത്രണ്ടും പതിമൂന്നും മണിക്കൂറുകള്‍ ജോലിചെയ്താലും അധിക പേര്‍ക്കും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത് . മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതിരിക്കുന്നതും  അപൂര്‍വ്വമല്ല . പിന്നെ റൂം വാടക ഭക്ഷണ ചെലവ് ഇതിനു പുറമേ ഈരണ്ടു വര്‍ഷം കൂടുമ്പോള്‍ ഇക്കാമ  അടിക്കാന്‍ വരുന്ന ഭീമമായ ചെലവ്, നാട്ടില്‍ പോയി തിരിച്ചു വരാനുള്ള ടിക്കറ്റിന്റെ  പണം അങ്ങിനെ ഒരുപാടു ചെലവുകള്‍. പിന്നെ നിയമത്തിന്റെ നൂലാമാലകള്‍ ,അരക്ഷിതബോധം  എല്ലാറ്റിനുമുപരി വര്‍ഷങ്ങളോളം ഉറ്റവരെ പിരിഞ്ഞിരിക്കെണ്ടി വരുന്നതിന്‍റെ വേദന .എന്നിട്ടും മലയാളികള്‍ വീണ്ടും വീണ്ടും ഗള്‍ഫിലേക് ചേക്കേറികൊണ്ടിരിക്കുകയും  കേരളത്തില്‍ പണിയെടുക്കാന്‍ ആളെ കിട്ടാത്തതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ ഇറക്കുമതി ചെയ്യേണ്ടി വരികയും ചെയ്യുന്നു. എന്താണ് ഈ വിരോധാഭാസത്തിനു കാരണം.

വോട്ടുകളുടെ എണ്ണവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ വീരവാദവും

തെരഞ്ഞെടുപ്പു കഴിഞ്ഞു 75% പോളിംഗ് നടന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഒരു മാസം കഴിഞ്ഞു ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അധികാരത്തില്‍ ഏറുന്ന മുന്നണി വീരവാദം പറയാന്‍ തുടങ്ങും.എന്തുകൊണ്ട് തങ്ങളെ ജനങ്ങള്‍ തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ച്.തങ്ങളുടെ മികവ്, തങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം അങ്ങനെ നൂറായിരം കാരണങ്ങള്‍.എത്രത്തോളം സീറ്റുകള്‍ കൂടുതല്‍ കിട്ടിയോ അതൊക്കെ തങ്ങളുടെ മുന്നണിയോടുള്ള വോട്ടര്‍മാരുടെ വിശ്വാസമായി മുന്നണികള്‍ വീരവാദം പറയുകയും  പൊതുജനങ്ങള്‍  അത് വിശ്വസിക്കുകയും ചെയ്യുന്നു. .എന്നാല്‍ ഈ വാദം സത്യത്തില്‍ ശുദ്ധ  തട്ടിപ്പല്ലേ.ആകെ വോട്ടര്‍മാരില്‍ 25% വോട്ടു ചെയ്തിട്ടേയില്ല.ഇതില്‍ സ്ഥലത്തില്ലതവരും പറ്റെ അവശന്മാരുമായ ചെറിയൊരു ശതമാനതിനെ മാറ്റി നിറുത്തിയാല്‍ ബാക്കിയുള്ളവര്‍ ഒന്നുകില്‍ ജനാധിപത്യത്തിലോ അല്ലെങ്കില്‍ ഈ മുന്നണികളിലോ  സ്ഥാനാര്‍ഥികളിലോ  വിശ്വാസം ഇല്ലാത്തവരായിരിക്കും.എന്ന് വെച്ചാല്‍ ജയിച്ച സ്ഥാനാര്‍ഥിക്കോ   മുന്നണിക്കോ അവരുടെ പിന്തുണ ഇല്ല എന്നര്‍ത്ഥം.അതിരിക്കട്ടെ പോള്‍ചെയ്ത 75% വോട്ടില്‍ പകുതിയെങ്കിലും കിട്ടിയ സ്ഥാനാര്‍ഥിയാണോ  വിജയിക്കുന്നത്.ആകെ കിട്ടിയ വോട്ടില്‍ ഉള്ള സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ വോട്ടു ലഭിച്ച ആള്‍ക്ക് എന്നുവെച്ചാല്‍ പകുതി പോയിട്ട് മുപ്പതു ശതമാനം വോട്ടു പോലും ലഭിക്കാത്ത സ്ഥാനാര്‍ഥിയും  മുന്നണിയുമാണ്‌ നാട് ഭരിക്കാന്‍ പോകുന്നത്.ഇതെങ്ങിനെയാണ്‌ ഭൂരിപക്ഷത്തിന്റെ പിന്തുണയാവുക.സ്ഥാനാര്‍ഥികളുടെ  എണ്ണം കൂടുന്തോറും ജയിക്കുന്ന സ്ഥാനാര്‍ഥിയുടെ ജനപിന്തുണ കുറയുകയല്ലേ ചെയ്യുന്നത്.സത്യത്തില്‍ ഇവിടെ ജനാധിപത്യത്തിന്റെ ലക്‌ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയല്ലേ.                                                                                            പിന്നെ തെരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം എതെങ്കിലും പാര്‍ട്ടി മറ്റേ മുന്നണിക്ക്‌ വോട്ടു മറിച്ചത്‌ കൊണ്ടാണ് ഞങ്ങള്‍ തോറ്റു പോയത് എന്ന് ആരോപിക്കുന്നതിലും പരാതി പറയുന്നതിലും എന്ത് അര്‍ത്ഥമാണ് ഉള്ളത് .മറ്റാര്‍ക്ക് കിട്ടിയാലും അത് തങ്ങള്‍ക്കു കിട്ടുന്ന വോട്ടല്ലല്ലോ .ജനാധിപത്യം എന്നാ മഹത്തായ സങ്കല്പം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ അനുഭവിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യാ രാജ്യത്തിന് എന്നാണു സാധിക്കുക....         

കാമപ്പിശാചുക്കളുടെ കേരളം.

വികലാംഗയായ സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ .ഇന്നലത്തെ പത്രത്തില്‍ വന്ന വാര്‍ത്തയാണ് .പിതാവിന്‍റെ ലൈംഗിക  പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടഅമ്മയാണ് രക്ഷപ്പെടുത്തി പോലീസില്‍ കേസ് നല്‍കിയത്. കേരളത്തില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ പുതുമയല്ലാതായി മാറിയിരിക്കുന്നു.കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നു.ബസ്സിലും ,റോട്ടിലും,ഓഫീസിലും,വിദ്യാലയങ്ങളിലും മാത്രമല്ല സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.സാക്ഷര സുന്ദര കേരളത്തില്‍  സ്ത്രീ പീഡനം വര്‍ധിച്ചു വരുന്നു.ഭാര്യയും ഭര്‍ത്താവുംഒന്നിച്ചു വേശ്യാലയം നടത്തുന്നതും മകളെ കൂട്ടിക്കൊടുക്കുന്ന പിതാക്കന്മാരും വായിച്ചു മറന്നു കളയാനുള്ള വാര്‍ത്തകള്‍ മാത്രം.പുറത്തു വരുന്നതിനേക്കാള്‍ എത്രയോ ഇരട്ടി വീടുകള്‍ക്കകത്ത്‌ ഒതുക്കപ്പെടുന്നുണ്ടാവാം.സിനിമയെന്നും സീരിയലെന്നും റിയാലിറ്റി ഷോ എന്നും പറഞ്ഞു പെണ്മക്കളെ കെട്ടി എഴുന്നള്ളിക്കുന്ന മാതാപിതാക്കളും ലൈംഗിക അതിക്രമങ്ങള്‍ക്ക് അരുനില്‍ക്കുകയാണ്.നിരന്തരം പിഞ്ചു കുഞ്ഞുമക്കള്‍ പോലും ലൈംഗിക പീഡനത്തിനിരയാവുന്ന വാര്‍ത്തകള്‍ വായിക്കേണ്ടി വരുന്ന അമ്മമാരുടെയും അച്ഛന്മാരുറെയും പൊള്ളുന്ന നെഞ്ചിലെ തീ ആരറിയുന്നു.

നേതാക്കളും അനുയായികളും

രാഷ്ട്രീയത്തിന്റെ പേരില്‍ തമ്മില്‍ തല്ലു മുതല്‍ കൊലപാതകം വരെ കേരളത്തില്‍ പുത്തരിയല്ല .രണ്ടു എതിര്‍ പാര്‍ട്ടിക്കാര്‍ തമ്മില്‍ റോഡില്‍ വെച്ച് തല്ലു കൂടുക, വീടിനു കല്ലെറിയുക ബോംബെറിയുക,കടകള്‍ക്ക് തീ വെക്കുക ,കിണറില്‍ മാലിന്യം കലക്കി ഒഴിക്കുക ,ഇതൊക്കെ ചെറിയ കലാപരിപാടികള്‍.അച്ഛനമ്മമാരുടെയും ഭാര്യയുടെയുംമുന്നില്‍ വെച്ച്, വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിനുറുക്കി കൊലപ്പെടുത്തുന ക്രൂരതയും ഒരേ രക്തത്തില്‍ പിറന്നവര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ആജന്മ ശത്രുക്കളായി കഴിയുന്നതും  കേരള ജനതയുടെ ഉയര്‍ന്ന രാഷ്ട്രീയ ബോധം കൊണ്ടുണ്ടായ നേട്ടം.                                                                                                                                                                                                                                                                                                                                രസകരമായ മറ്റൊരു  വസ്തുതയുണ്ട്  താഴെ തട്ടിലുള്ള   അണികളും  അനുയായികളുമാണ്‌ ഇങ്ങനെ പരസ്പരം ശത്രുതയും പകയുമായി നടക്കുന്നത് .എനാല്‍ അനുയായികളെ ഇതിലേക്ക് തള്ളിവിടുന ,അവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തും എരി കേറ്റിയും എന്നും അണികളില്‍ വിദ്വേഷവും വെറുപ്പും കുത്തിവെച്ച് അണികളെ  ചാവേറ്കളാക്കി  നിര്‍ത്തുന്ന നേതാക്കള്‍ എതിര്‍ പാര്‍ട്ടിയുടെ നേതാക്കളുടെ വീട്ടില്‍ കല്യാണമായാലും ,പലുകാച്ചലായാലും എല്ലാ തിരക്കും ഒഴിവാക്കി ഓടിയെത്തുകയും കൂടിയിരുന്നു സൊറ പറഞ്ഞും പൊട്ടിച്ചിരിച്ചും കെട്ടിപ്പിടിച്ചും ഫോട്ടോക്ക് പോസ് ചെയ്തും മൃഷ്ടാന്ന ഭോജനം നടത്തി പിരിയുന്നു .തെരുവില്‍ അണികള്‍ പരസ്പരം വെട്ടി മരിക്കുകയും ചെയ്യുന്നു .വെട്ടേറ്റു മരിച്ചു വീഴുന്ന അണികളോ റീത്തുമായി ഓടിയെത്തുന്ന നേതാക്കളോ ആരാണിവിടെ കുറ്റവാളികള്‍.

ഈ വിഷങ്ങളും തിരിച്ചറിയുക.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു.നാടിന്റെ മൊത്തം പ്രധിഷേധവുംകണ്ടില്ലാ എന്ന് നടിച്ച  ഇന്ത്യാ രാജ്യത്തിലെ കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരികള്‍ ഈ വിഷം നിരോധിക്കാതിരിക്കാന്‍ ആവും പോലെ ശ്രമിച്ചിട്ടും ഒരു പാട് മനുഷ്യ സ്നേഹികളുടെ പ്രധിഷേധ ത്തി ന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി തലമുറകളെ നശിപ്പിക്കുന്ന ആ കൊടും വിഷം നിരോധിച്ചിരിക്കുന്നു.സങ്കുചിത്വമില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ,അഭിമാനകരമായ  വിജയം.                                                                                                                                                    ഒപ്പം ഒരു കാര്യം നാം മറക്കാതിരിക്കുക വിഷത്തില്‍ മുക്കിയ പച്ചക്കറികളിലൂടെയും ഈച്ച പോലും അടുക്കാന്‍ ഭയപ്പെടുന്ന പഴവര്‍ഗങ്ങളിലൂടെയും ഹോര്‍മോണ്‍ കുത്തിവെച്ച കോഴിയിറച്ചിയിലൂടെയും നിത്യവും രോഗികളായി മാറിക്കൊണ്ടിരിക്കുന്ന മലയാളി സമൂഹത്തെ കുറിച്ച്. എന്‍ഡോ സള്‍ഫാനെക്കാളും മാരകമായ വിഷം നാം നിത്യവും അകത്താക്കി കൊണ്ടിരിക്കുന്നു .കുത്തകകള്‍ക്ക് ലാഭം കൊയ്യാന്‍ ഇരകളായി നിന്ന് കൊടുക്കുന്ന കേരളീയ സമൂഹം ഈ കാര്യങ്ങളെ കുറിച്ച് ശരിയായ ബോധമോ ബോധവല്‍ക്കരണമോ ഇല്ലാതെ മരണത്തിലേക്കും മാരക രോഗങ്ങളിലെക്കും കുതിച്ചു കൊണ്ടിരിക്കുന്നു.ദുരന്തങ്ങള്‍ കണ്മുന്നില്‍ കാണാന്‍ തുടങ്ങുമ്പോള്‍ മാത്രം പ്രധിഷേധിക്കാനും പ്രതികരിക്കാനുംതുടങ്ങുന്ന ശീലം ഈ കാര്യത്തിലെങ്കിലും നാം കൈവെടിയുക.ഭകഷ്യ വസ്തുക്കളിലൂടെ നാം അകത്താക്കുന്ന മാരക വിഷങ്ങളെക്കുറിച്ചും അത് കൊണ്ട് മനുഷ്യനുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും പഠനം നടത്താനും ദോഷകരമായവ നിരോധിക്കാനോ  നിയന്ത്രിക്കാനോ ഭരണകൂടങ്ങളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുക.ഇന്ന് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പോലും ക്യാന്‍സര്‍ രോഗികളും കിഡ്നി രോഗികളും ക്രമാതീതമായി വര്‍ധിച്ചു വരുന്നു.ഒപ്പം തിരിച്ചറിയാനാവാത്ത പുതിയരോഗങ്ങളും .ഇന്ത്യന്‍ പച്ചക്കറിയില്‍ മാരകമായ വിഷാംശം കണ്ടെത്തിയതിനാല്‍ പല വിദേശ രാജ്യങ്ങളും ഇന്ത്യന്‍ പച്ചക്കറി നിരോധിക്കുന്നു.നമ്മുടെ ഭരണ കൂടം ഇത് കണ്ടില്ല എന്ന് നടിക്കുന്നു.കീടനാശിനി രാസവള കച്ചവട ഭീമന്മാരും ഒപ്പം മരുന്നുകമ്പനി ആശുപത്രി കുത്തകകളും ഇതിലൂടെ പണം കൊയ്യുമ്പോള്‍ അവരില്‍ നിന്ന് നക്കാപ്പിച്ച വാങ്ങി നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതെല്ലം കണ്ടില്ല എന്ന് നടിക്കുന്നു........... നമ്മുടെ മക്കള്‍ രോഗികളായി പിടയുന്നത് കാണേണ്ട ഗതികേടുണ്ടാവാതിരിക്കാന്‍ ഇപ്പോഴേ ഉണരുക.

എടുക്കാത്ത നാണയം പോലൊരു ജന്മം.

പഴയ പാസ്പോര്‍ട്ടിലെ നിറം മങ്ങിതുടങ്ങിയ ഫോട്ടോ.കറുത്ത് തഴച്ചു വളര്‍ന്ന മുടി,തുടുത്ത മുഖം, കനത്തു വരുന്ന മീശ,പ്രതീക്ഷകളും സ്വപ്നങ്ങളും കൊണ്ട് തിളങ്ങുന്ന കണ്ണുകള്‍........ഇന്ന് കണ്ണാടിയില്‍ കാണുന്ന രൂപം തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു.തിളങ്ങുന്ന കഷണ്ടിത്തലയില്‍ ബാക്കിയായ കുറച്ചു നരച്ച രോമങ്ങള്‍,മരുഭൂമിയിലെ വെയിലേറ്റു കരുവാളിച്ചു പോയ മുഖം.ഒട്ടിയ കവിളുകള്‍ കുഴിയിലാണ്ടുപോയ കണ്ണുകള്‍.ദുര്‍ബലമായി തുടങ്ങിയ ശരീരം.പതിറ്റാണ്ടുകളുടെ ഗള്‍ഫ് ജീവിതം എന്തൊക്കെയാണ് കവര്‍ന്നെടുത്തത്‌. പ്രിയപ്പെട്ടവര്‍ക്ക് കതിര് നല്‍കി പതിര് കൊണ്ട് തൃപ്തിപ്പെട്ടവന്‍ .അവരുടെ സന്തോഷവും ആഹ്ലാദവും കണ്ടു മനസ്സുനിറച്ചവന്‍ .സ്വന്തം ഉള്ളിലെ മോഹങ്ങളും സ്വപ്നങ്ങളും പ്രിയപ്പെട്ടവര്‍ക്കായ് ബലി നല്‍കിയവന്‍..ഉള്ളിലെ പാട്ടും കളിയും കഥയും കവിതയും മരുക്കാറ്റില്‍ വറ്റി പ്പോയപ്പോള്‍ .പകരം മണലാരണ്യത്തിലെ കത്തുന്ന ചൂടും നട്ടെല്ല് വിറപ്പിക്കുന്ന തണുപ്പും ഉള്ളിലേറ്റു വാങ്ങിയവന്‍.തന്‍റെ നെഞ്ചിലെ ചൂടിലും കണ്ണീരിലും ജീവിതം മുളപ്പിച്ചെടുത്തവര്‍ പുതിയ കാലത്തിന്‍റെ തിരക്കില്‍ കഴിഞ്ഞതൊക്കെ മറക്കുന്നത് അമ്പരപ്പോടെ കണ്ടുനില്‍ക്കേണ്ടി വരുന്നു.ഓട്ടക്കയ്യന്‍,പിടിപ്പില്ലാത്തവന്‍,സാമര്‍ത്ഥ്യം ഇല്ലാത്തവന്‍ ,ചാര്‍ത്തി തരാന്‍ ഒരു പാടു പട്ടങ്ങള്‍.എടുക്കാത്ത നാണയം പോലെ ഒരു ജന്മം. ആര്‍ക്കും വേണ്ടാതായിപ്പോയ ഇത്തരം ചില ജീവിതങ്ങളെ പരിചയമില്ലാത്തവര്‍  ഉണ്ടാവില്ല പ്രവാസത്തിന്റെ ഈ മരുഭൂമിയില്‍....

മരുക്കാറ്റില്‍ കേട്ടത്.

.മരുക്കാറ്റില്‍ കേട്ടത്.
ആദ്യകാലം ഗള്‍ഫിലെത്തിയവരില്‍ പലരും വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന കഷ്ടതകള്‍ ഒരുപാടാണ്‌.നല്ല നല്ല ജോലി സാദ്ധ്യതകള്‍ ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ നഷ്ടപ്പെട്ടവര്‍ , എഴുത്തും വായനയും അറിയാത്തതിനാല്‍ പ്രിയതമക്കൊരു കത്തെഴുതാനോ വിരഹ വേദന നിറഞ്ഞ പ്രിയതമയുടെ കത്ത് വായിക്കാനോ കഴിയാതെ  നിശബ്ദമായി കരഞ്ഞവര്‍.അങ്ങനെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഏറ്റവും നന്നായി മനസ്സിലാക്കിയവരാണ് ഗള്‍ഫ് പ്രവാസികള്‍. അതുകൊണ്ടാണ് തങ്ങളുടെ മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് അവര്‍ ആഗ്രഹിച്ചത്‌.
ഗള്‍ഫിലെ തുച്ഛ വരുമാനക്കാരന്‍ പോലും കനത്ത ഫീസും അനുബന്ധ ചെലവുകളും സഹിച്ചു മക്കളെ മുന്തിയ സ്ക്കൂളുകളില്‍ ചേര്‍ത്ത് പഠിപ്പിക്കുമ്പോള്‍ അവരുടെ  മനസ്സില്‍ നാളെ പഠിച്ചു വലിയവരായി വരുന്ന മക്കളെ കുറിച്ചുള്ള നിറമുള്ള സ്വപ്‌നങ്ങള്‍ ആയിരുന്നു. മരുഭൂമിയുടെ കത്തുന്ന ചൂടും കൊടും തണുപ്പും തങ്ങളുടെ മക്കള്‍ കൂടി സഹിക്കേണ്ടി വരരുത് എന്ന പിതൃ വാത്സല്യം. കടലിനക്കരെ ഇരുന്നുകൊണ്ട് അവര്‍ മക്കളെ കുറിച്ച് ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി.മേലുദ്യോഗസ്ഥരുടെ മുന്നില്‍ ആദരവടെ നില്‍ക്കുമ്പോള്‍ നാളെ ഇതിലും ഉന്നത സ്ഥാനത്ത് എത്തുന്ന തങ്ങളുടെ മക്കളെ കുറിച്ച് അവര്‍ അഭിമാനം കൊണ്ടു.സ്വയം പട്ടിണി കിടന്നാലും മക്കള്‍ക്ക്‌ നല്ല ഭക്ഷണവും,വസ്ത്രവും ജീവിത സൌകര്യങ്ങളും ഒരുക്കി കൊടുക്കാന്‍ അവര്‍ പാടുപെട്ടു.മക്കളെ സന്തോഷിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെടുന്ന സമ്മാനങ്ങള്‍ അയച്ചു കൊടുത്തു.
എന്നാല്‍ പ്രതീക്ഷിച്ചപോലെ മക്കള്‍ പഠിച്ചു ഉയര്‍ന്ന നിലയില്‍ എത്തിയോ?കുറെ പേരെങ്കിലും നന്നായി പഠിച്ചു നല്ല നിലയില്‍ എത്തിയിരിക്കാം.പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ .എന്നാല്‍ ആണ്‍കുട്ടികള്‍ പലരും കിട്ടിയ സ്വാതന്ത്ര്യം ആഘോഷമാക്കി എടുത്തു എന്നതാണ് സത്യം.പഠിത്തം മറന്നു കൂട്ടുകാരോട് കൂടി തിമര്‍ത്ത്  ആഘോഷിച്ചവര്‍, മരുഭൂമിയില്‍ ചോര നീരാക്കി അധ്വാനിച്ചു പണം അയക്കുന്ന പിതാവിന്റെ അവസ്ഥയെ കുറിച്ച് ചിന്തിക്കാതെ പുതിയ മോഡല്‍ ബൈക്കുകള്‍ മാറി മാറി വാങ്ങാന്‍ വീട്ടില്‍ കലഹം സൃഷ്ടിക്കുന്നവര്‍,മാതാവിന്റെ ആഭരണം പോലും എടുത്തു വില്‍ക്കാന്‍ മടിക്കാത്തവര്‍ അങ്ങനെ ഒരു പാട് കഥകള്‍ .

ഗള്‍ഫില്‍ നിന്ന് നാട്ടില്‍ ലീവിന് പോയ  പിതാവ് മകന്‍ പഠിക്കുന്ന സ്ക്കൂളില്‍ പേരന്റ്സ്‌ മീറ്റിങ്ങിനു ചെന്നപ്പോള്‍  നന്നായി പഠിക്കുന്ന കുട്ടികളുടെയും,അഭിമാനത്തോടെ അവരെ ചേര്‍ത്ത് നിര്‍ത്തുന്ന രക്ഷിതാക്കളുടെയും മുന്നില്‍വെച്ച്‌  സ്വന്തം മകന്റെ ചെയ്തികളെ കുറിച്ചും വാങ്ങിയ മാര്‍ക്കുകളെ കുറിച്ചും അദ്ധ്യാപകന്‍ പറഞ്ഞതു കേട്ട് തലകുനിച്ചു നിറഞ്ഞ കണ്ണുകളോടെ ഇറങ്ങി പോകേണ്ടി വന്ന ഗള്‍ഫുകാരനായപ്താവിന്റെ മനസ്സ്.
മനസ്സില്‍ കണ്ട മോഹങ്ങളെല്ലാം വെറും മരീചിക മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍  നിരാശനായി തളര്‍ന്നു പോയ ഇങ്ങനെ ഒരുപാട് പിതാക്കളെ ഗള്‍ഫു ജീവിതത്തില്‍ നിങ്ങള്‍ കണ്ടുമുട്ടാതിരിക്കില്ല.

പിറന്ന നാടിനെ പേടിക്കുന്നവര്‍

ഇറാഖ് അധിനിവേശത്തിന്റെ തൊട്ടു മുമ്പുള്ള മാസങ്ങളില്‍ കുവൈത്തില്‍ സഖ്യ സേന തമ്പടിക്കാന്‍ തുടങ്ങിയത് മുതല്‍ ആസന്നമായ ഒരു യുദ്ധത്തെ കുറിച്ചുള്ള ഭീതി എങ്ങും നിറഞ്ഞു നിന്നിരുന്നു.രാസായുധങ്ങളും ജൈവായുധങ്ങളും വരെ ഉപയോഗിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുകള്‍,അത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്നും എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തേണ്ടതെന്നും അറിയിക്കുന്ന ലഖുലെഖകള്‍,അപായ സൈറനുകളുടെ പരിശോധന,അടിയന്തര സാഹചര്യങ്ങളില്‍ എന്തൊക്കെ രീതിയിലാണ് സുരക്ഷാകാര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത് എന്നതിന്റെ മോക്ക്ഡ്രില്‍ ......ജാലകങ്ങളൊക്കെ ടെപ്പോട്ടിച്ചു ഭദ്രമാക്കിയും ഭകഷ്യ സാധനങ്ങളും വെള്ളവും പരമാവധി സംഭരിച്ചും ഭീതിയോടെയുള്ള കാത്തിരിപ്പ്.                                                                                                                                                                                            ഈ സമയത്ത് കുവൈത്തിലെ, ഒരു യുദ്ധ കാലത്ത് എല്ലാം ഇട്ടെറിഞ്ഞു നാട്ടിലേക്ക് ഓടിപ്പോകേണ്ടി വന്ന മുന്നനുഭവമുള്ളവരും അല്ലാത്തവരുമായ മലയാളികള്‍  കണ്ട്മുട്ടുമ്പോള്‍ പരസ്പ്പരം ചോദിച്ചു "യുദ്ധം ഉണ്ടാകുമോ ?..." അതിലും വേവലാതിയോടെ  മറ്റൊരു ഉപചോദ്യം കൂടി" യുദ്ധം വന്നാല്‍ നാട്ടില്‍ പോകേണ്ടി വരുമോ ?...."                                                                                       ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിച്ചു ലോകത്തിന്റെ നാനാഭാഗത്തുനിന്നും മനുഷ്യര്‍ ഒഴുകിയെത്തുന്ന ,പ്രകൃതി മനോഹരവും,സാക്ഷരത കൊണ്ടും ഉയര്‍ന്ന ജീവിത നിലവാ ത്താലും ഇന്ത്യയിലെ മറ്റു  സംസ്ഥാനങ്ങളെക്കാളും എത്രയോ ഉയരത്തില്‍ നില്‍ക്കുന്ന കേരളം!....                                                                                                                                                                       രസ ജൈവായുധങ്ങള്‍ ഉപയോഗിക്കപ്പെട്ടാല്‍ മനുഷ്യന്‍ ഏറ്റവും ദാരുണമായ മരണം ഏറ്റു വാങ്ങേണ്ടി വരുന്ന യുദ്ധഭൂമിയേക്കാള്‍ മലയാളി താന്‍ പിറന്നു വീണ, കളിച്ചു  വളര്‍ന്ന സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു പോകിനെ ഭയയപ്പെട്ടത്‌ എന്ത് കൊണ്ട്? ..........പതിറ്റാണ്ടുകള്‍ ഗള്‍ഫില്‍ കഴിഞ്ഞിട്ടും പെട്ടെന്നുള്ള  ഒരു തിരിച്ചു പോക്കിനെ ഗള്‍ഫ് മലയാളി വല്ലാതെ പെടിക്കുന്നത്തിനുള്ള കാരണം എന്ത് ഈ ഒരു ഗതികേട്  വേറെ എതെങ്കിലും സമൂഹത്തിനു ഉണ്ടാകുമോ?ആരാണ് ഇതിനു ഉത്തരവാദികള്‍ .എന്നായാലും പിറന്ന നാട്ടിലേക്കു തിരിച്ചു പോവേണ്ടവന്‍ ആണല്ലോ ഓരോ പ്രവാസിയും.