Monday, November 20, 2017

സെൻട്രൽ ജയിലിനു മുന്നിലെ മൈതാനത്ത്‌...


തുള വീണ ചൂടുകുപ്പായമിട്ട്    ശൂന്യതയിലേക്ക് നോക്കി  കൂനിക്കൂടിയിരിക്കുന്ന  ആ   വൃദ്ധന്മാരുടെ കൂട്ടത്തിലെവിടെയോ  വെള്ളായിയപ്പനും* ഉണ്ടെന്ന് തോന്നും.   പാഴുതറ എന്ന  കുഗ്രാമത്തിൽ നിന്ന് ദൂരെ നഗരത്തിലെ ജയിലിൽ കഴിയുന്ന മകനെ അവസാനമായി കാണാൻ പൊതിച്ചോറുമായി  പുറപ്പെട്ട വെള്ളായിയപ്പൻ.

ഇരുപത്തിയഞ്ചു കൊല്ലം മുമ്പത്തെ ബാംഗ്ലൂർ ജീവിതകാലത്ത്‌ മെജസ്റ്റിക്കിൽ നിന്ന് മുരുഗേഷ് പാളയത്തെക്കുള്ള യാത്രയിൽ ഇടക്കൊക്കെ ബസ്സ് ബാംഗ്ലൂർ സെൻട്രൽ ജയിലിനു മുന്നിലൂടെ കടന്നു പോരുമ്പോൾ ഉള്ളിൽ കൊളുത്തിപ്പോയ ചില കാഴ്ചകൾ ഇപ്പോഴും മായാതെ.....

സെൻട്രൽ ജയിലിനു മുന്നിലെ ചെറിയ മൈതാനത്ത്‌ അങ്ങിങ്ങായി ചിതറിയിരിക്കുന്ന ആൾക്കൂട്ടങ്ങൾ. വൃദ്ധന്മാരും സ്ത്രീകളും കുട്ടികളും. ജയിലിൽ കിടക്കുന്ന തങ്ങളുടെ ഉറ്റവരെ കാണാൻ വന്നവർ.  ദൂരെ കോലാറിലോ   ഹൊസ്കോട്ടോ   ഒക്കെയുള്ള  കുഗ്രാമങ്ങളിൽ നിന്നും എത്തിയ    മുഷിഞ്ഞ വസ്ത്രങ്ങളും ഉണങ്ങിയ ശരീരങ്ങളുമുള്ള  തനി ഗ്രാമീണർ.

 എന്തോ ആലോചനയിൽ വെറും മണ്ണിൽ ഒക്കിച്ച്‌ ഇരിക്കുന്ന പുരുഷന്മാരും,  പുതിയ കൂട്ടുകാരോടൊപ്പം ഓടിക്കളിക്കുന്ന കുട്ടികളും, ആ ചെറിയ മൈതാനത്തിന്റെ മൂലകളിൽ അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്ന, അവരോടൊപ്പമുള്ള സ്ത്രീകളും. തലേന്ന് രാത്രിയിലോ പുലർച്ചയോ  നഗരത്തിലേക്ക്  പുറപ്പെട്ടവർ.  ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ മാത്രം പണമില്ലാത്തത് കൊണ്ടോ എപ്പോഴാണ് തങ്ങളുടെ ഊഴമെത്തുക എന്ന്  അറിയാത്തത് കൊണ്ടോ ആകാം പാചകം  അവിടെത്തന്നെ ആക്കിയത്. ഇനി   ചിലപ്പോൾ ദിവസങ്ങളോളം ആ മൈതാനത്ത്‌  കാത്തുകെട്ടി കിടക്കേണ്ടി വന്നവരാകുമോ?

എന്ത് കുറ്റം ചെയ്തിട്ടാവാം ഇവർക്ക് പ്രിയപ്പെട്ടൊരാൾ ഈ ജയിലിൽ എത്തിപ്പെട്ടിട്ടുണ്ടാകുക. കള്ളനോ കൊലപാതകിയോ പിടിച്ചുപറിക്കാരനോ വിപ്ലവകാരിയോ.....  ദൂരെ ദൂരെ ഗ്രാമത്തിൽ നിന്ന് ജീവിതം തേടി നഗരത്തിലെത്തിയ  അയാളെ ജയിൽ പുസ്തകങ്ങളിൽ എന്ത് പേരിലായിരിക്കും അടയാളപ്പെടുത്തിയിട്ടുണ്ടാവുക. വിശപ്പും കാമവും സാമൂഹിക അസമത്വവുമൊക്കെ എളുപ്പവഴിയിൽ ക്രിയ ചെയ്യാനൊരുങ്ങിയ അയാൾ എങ്ങനെയായിരിക്കും ജീവിത പരീക്ഷയിൽ തോറ്റു ശിക്ഷിക്കപ്പെട്ടിട്ടുണ്ടാവുക.

അത്രക്ക് നിർഭാഗ്യവനല്ലാത്തത് കൊണ്ടാണല്ലോ അയാളെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരാരൊക്കെയോ അയാളെ തേടിയെത്തിയത്. ഒന്ന് കാണാനും  മിണ്ടാനും......   തങ്ങളനുഭവിക്കുന്ന വേദനകളൊക്കെയും മറന്നുകൊണ്ട്.

അയാൾ   കാരണം എത്ര അപമാനപ്പെട്ടായിരിക്കും അവർ ഗ്രാമങ്ങളിൽ കഴിയുന്നുണ്ടാവുക. ഒറ്റയടിക്ക്  അഭിമാനങ്ങളൊക്കെ ഉരിഞ്ഞുപോയ അവർ ഏത് ഒറ്റപ്പെടലിന്റെ തുരുത്തിലായിരിക്കും ഒളിച്ചിരിക്കുന്നത്.  നാട്ടുകാരണവന്മാരുടെ കൂട്ടത്തിൽ ആൽച്ചോട്ടിലിരുന്നു ന്യായം പറയാൻ ആ വൃദ്ധനൊരു അവകാശവുമുണ്ടാകില്ല പിന്നീട്. കല്യാണവീട്ടിൽ  കടുംചേല ചുറ്റി വെറ്റില മുറുക്കിയിരുന്ന്‌ ചെറുപ്പക്കാരികളെ ശാസിക്കാൻ ആ അമ്മക്ക് കഴിയില്ല. അയാളുടെ ഭാര്യ നാട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകൾ കേട്ട് ഒരു മരപ്പാവയെപ്പോലെ നിശ്ശബ്ദയായി പ്പോയിട്ടുണ്ടാകും. ആ കുഞ്ഞുങ്ങൾ സഹപാഠികളുടെയും അധ്യാപകരുടെയും കളിയാക്കലുകലും നാട്ടുകാരുടെ പരിഹാസവും എന്തിനെന്നറിയാതെ നിഷ്കളങ്കമായി....

എന്നിട്ടും  ഉൾക്കടച്ചിൽ താങ്ങാനാവാത്ത  ഒരു നാൾ    അവർ നഗരത്തിലേക്ക് പുറപ്പെടുന്നു.  ഇരുട്ട് വീണ ഗ്രാമത്തിൽ നിന്നും ആരുടേയും കണ്ണിൽ പെടല്ലേ എന്ന പ്രാർത്ഥനയോടെ മാട്ടുവണ്ടിയും ബസ്സും മാറി മാറിക്കയറി ദൂരെ ദൂരെ നഗരത്തിലെ ജയിലിൽ കഴിയുന്ന ഉറ്റവനെ കാണാൻ.

മടുപ്പിന്റെ  കരിങ്കൽചുവരുകൾക്കുള്ളിലെ ഇരുമ്പഴികളിൽ മുളവടി കൊണ്ട് തട്ടിക്കൊണ്ട്   "ഏയ് നിമഗെ വിസിറ്റേഴ്‌സ് ഇതിയെ" എന്ന പോലീസുകാരന്റെ വാക്കുകൾ അയാളെ  ഭൂമിയിലേക്ക് വലിച്ചെറിയും. പിടഞ്ഞു ചെല്ലുമ്പോൾ ഇരുമ്പുവലക്കപ്പുറത്ത്‌    തന്റെ പ്രിയപ്പെട്ടവരുടെ കണ്ണീരോ ചിരിയോ എന്നറിയാത്ത മുഖങ്ങളിലേക്ക് നോക്കി അയാൾ.........

ശാസനയും വാത്സല്യവും പ്രണയവും ആദരവും ..... അതല്ലെങ്കിൽ സങ്കടം കല്ലിച്ച മരവിപ്പാകുമോ ആ മുഖങ്ങളിൽ. വിരലുകൾ കൊണ്ട് ഒന്ന് തൊടാൻ.... സ്പർശനം കൊണ്ട് കൂടെയുണ്ടെന്ന്‌....ഒറ്റക്കായിപ്പോയില്ലെന്ന്‌....

കാലമെത്ര കഴിഞ്ഞാലും ചില കാഴ്ചകൾ ഉള്ളിൽ നീറ്റലായി നിൽക്കും. ഒറ്റയടിക്ക് തകിടം മറിഞ്ഞു പോകുന്ന നിസ്സാരമായ ചില ജീവിതങ്ങളുടെ നിസ്സഹായാവസ്ഥ. എങ്കിലും  ഈ കാഴ്ചയിൽ ഒരു തണുവുണ്ട്.  ഏതു കൊടുമയിലും  അദൃശ്യമായൊരു  സ്നേഹനൂൽ  കൊണ്ട് ചേർത്തുപിടിക്കാൻ  പ്രിയപ്പെട്ടവർ ഉണ്ടാകുക എന്നത് എത്ര വലിയ ഭാഗ്യമാണ്.
______________________
*വെള്ളായിയപ്പൻ- ഓ വി വിജയന്റെ  'കടൽത്തീരത്ത്‌' എന്ന കഥയിലെ അച്ഛൻ.

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ