Monday, November 20, 2017

കഥയിൽ ഒതുങ്ങാത്ത പെൺജീവിതങ്ങളുടെ തീവണ്ടി മുറി.



'...ഇപ്പോഴും ജോലിക്ക് പോണത് പൈസക്ക് വേണ്ടിയല്ല, ഒരു പെൺശരീരത്തിനപ്പുറത്ത് ഞാനെന്നൊരു ജീവൻ ഉണ്ടെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താനാ'
(ലേഡീസ് കൂപ്പെ അഥവാ തീണ്ടാരി വണ്ടി)

ഷാഹിന കെ റഫീഖിന്റെ ആദ്യ കഥാസമാഹാരമായ 'ലേഡീസ് കൂപ്പെ അഥവാ തീണ്ടാരി വണ്ടി'  വായിച്ചു കഴിയുമ്പോൾ  ഇങ്ങനെ സ്വയം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഒരുപാട് പെൺജീവിതങ്ങളുടെ  നോവും വേവും നമ്മുടെ ഉള്ളിൽ വല്ലാതെ ആഴത്തിൽ പതിഞ്ഞു പോകുന്നുണ്ട്. 86 പേജുകൾ മാത്രമുള്ള ഈ പുസ്തകത്തിൽ ആറ്റിക്കുറുക്കി പറയുന്ന ചെറുതും വലുതുമായ 15 കഥകളിലും വരച്ചു വെക്കുന്നത് പെൺമനസ്സിന്റെ ആകുലതകളും ആധികളും അസ്വസ്ഥതകളും ചെറിയ ചെറിയ  ആഹ്ലാദങ്ങളും മാത്രമാണ്.  ഒരുപക്ഷെ അതുകൊണ്ടാവും പെൺജീവിതത്തെ കുറിച്ച് നൂറുകണക്കിന് പേജുകൾ ഉള്ള ലേഖനങ്ങളെക്കാളും ശക്തമായി സംവദിക്കാൻ ഈ കഥകൾക്ക് കഴിയുന്നത്.

ഹോസ്റ്റൽ മുറിയിലോ തീവണ്ടിയുടെ ലേഡീസ് കൂപ്പെയിലോ, തങ്ങൾ മാത്രമാകുന്ന ഇടത്ത് അവർ ഉറക്കെ മനസ്സ് തുറക്കുന്നത് നിത്യം നാം ഇടപഴകുന്ന, നമ്മുടെ ഉറ്റപെണ്ണ് പോലും നമ്മോട് പറയാൻ മടിക്കുന്ന കാര്യങ്ങളാണ്. അല്ലെങ്കിൽ ഒരു ആണിന് ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത, കാലങ്ങളായി പെണ്ണ് മൂടിവെച്ചു നടക്കുന്ന ചില പരമാർത്ഥങ്ങൾ.

'...ഉള്ളിൽ നിറയെ വെളിച്ചവുമായി ഒരു തീവണ്ടി വെള്ളനിറത്തിൽ എങ്ങോട്ടോ മണ്ടിപ്പായുന്നു. എനിക്കവന്റെ നേരം കെട്ട നേരത്തുള്ള ആ പോക്കിനോട് ഒരിഷ്ടം തോന്നും, ഇരുട്ടിലൂടെ വെളിച്ചത്തിന്റെ ആ തുരുത്തിലേറി എങ്ങോട്ടെങ്കിലും യാത്ര പോവണമെന്ന് കൊതി പൂക്കും അന്നേരം മനസ്സിൽ.
       ഇന്നുമുണ്ട് എന്റെ കാഴ്ചയിൽ വെളിച്ചം നിറഞ്ഞ ആ തീവണ്ടി. അതും കൂട്ടി അരച്ചാണ് ഞാൻ പൂപോലുള്ള ഇഡ്ഡലി ചുടുന്നത്!'

'പാചകവിധി' എന്ന കഥയിലെ ഈ വരികളിൽ കാണുന്ന വീട്ടമ്മ നമ്മുടെ അടുക്കളയിൽ തന്നെ ഇല്ലേ.

'പെണ്ണെഴുത്ത് ' എന്ന് നാം പേരിട്ടു വിളിക്കുന്ന പല കഥകളിലുമെന്നപോലെ കടുത്ത പുരുഷ വിദ്വേഷമോ ഞെട്ടിക്കുന്ന രതി വർണ്ണനകളോ, പ്രണയത്തകർച്ചയിൽ ഉലഞ്ഞു പോകുന്ന പെണ്ണോ ഈ കഥകളിൽ ഇല്ല. അതിനുമപ്പുറം പെണ്ണിനെ  ആഴത്തിൽ അറിയാനും അവൾ മാത്രം അനുഭവിക്കുന്ന വിഹ്വലതകളെ കൃത്യമായി പകർത്താനും കഴിഞ്ഞു എന്നതാണ് ഷാഹിനയുടെ കഥകളുടെ വിജയം.

ടെലിവിഷൻ പരസ്യങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും സ്വകാര്യമായി പൊതിഞ്ഞു വാങ്ങേണ്ട ഒരു സാധനമാണ് നമുക്കിന്നും 'സാനിറ്ററി പാഡ്'.  അതുകൊണ്ട് തന്നെ ഈ സമാഹാരത്തിലെ   'ലേഡീസ് കൂപ്പെ അഥവാ തീണ്ടാരി വണ്ടി' എന്ന കഥക്ക് ഏറെ പ്രസക്തിയുണ്ട്. ആണുങ്ങളാരും ഇല്ലാത്ത ആ തീവണ്ടി മുറിയിൽ ഉയരുന്ന ചർച്ചയിലെ ഓരോ പെണ്ണും പറയുന്ന തങ്ങളുടെ അനുഭവങ്ങളും വേവലാതികളും സമൂഹത്തിനു മുന്നിൽ ചർച്ചയായി ഉയരേണ്ട ഒരുപാട് ചോദ്യങ്ങൾ കൂടിയാണ്. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയും ഇതു തന്നെ ആയിരിക്കും.

'ഭ്രാന്തും', 'പാതിവേവും' 'ഐഡി' യും അടക്കമുള്ള കഥകൾ പ്രമേയം കൊണ്ട് മാത്രമല്ല ആഖ്യാനഭംഗി കൊണ്ട് കൂടിയാണ് വിസ്മയിപ്പിക്കുന്നത്. ഷാഹിനയുടെ കഥകളുടെ ആവിഷ്കാര മികവ് തന്നെയാണ്, സ്ത്രീ കഥാപാത്രങ്ങൾക്കും   പെണ്ണനുഭവങ്ങൾക്കും മാത്രം  പ്രാധാന്യമുള്ള ഈ പതിനഞ്ചു കഥകളും ഒട്ടും മടുപ്പില്ലാതെ വായിക്കാൻ പ്രേരിപ്പിക്കുന്നതും.

രാത്രിയിരുട്ടിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ  ആരുടെയോ കാമം അള്ളിപ്പിടിച്ച നിറവയറുമായി ഇരുന്ന   തെരുവുപെണ്ണിനെ മുടി ചീകിക്കൊടുത്തു കൊണ്ട് അടുത്തു കൂടുന്ന പുരുഷന്റെ  ശരീരത്തിലേക്കുള്ള കടന്നുകയറ്റം പ്രതിരോധിക്കുമ്പോഴും ആ സാമീപ്യം ആശ്വാസമായി തോന്നുന്ന, ഒടുവിൽ അയാളോടൊപ്പം ഇരുട്ടിലേക്ക് ചെല്ലേണ്ടി വന്ന  നിസ്സഹായാവസ്ഥ ആരോരുമില്ലാത്ത തെരുവുപെണ്ണിന്റെ  മാത്രമല്ല എന്ന് വർത്തമാനകാലം നമ്മോട് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ, വായിച്ചു മടക്കിവെച്ചാലും പിന്നെയും പിന്നെയും അസ്വസ്ഥമാക്കുന്നുണ്ട് ഈ കഥകളൊക്കെയും. കഥകളുടെ മനോഹാരിത കൊണ്ടു മാത്രമല്ല, പ്രമേയങ്ങളുടെ തീക്ഷ്ണത കൊണ്ടും ഈ കഥാസമാഹാരം വായനക്കാരന് വേറിട്ടൊരു  അനുഭവം ആയിരിക്കും.

അസ്വാദനക്കുറിപ്പിലൂടെ പകർന്നു തരാൻ കഴിയുന്നതല്ല ഷാഹിനയുടെ കഥകളുടെ സത്തയും സൗന്ദര്യവും. അത് വായിച്ചു തന്നെ അറിഞ്ഞനുഭവിക്കണം.
________________________

'ലേഡീസ് കൂപ്പെ അഥവാ തീണ്ടാരി വണ്ടി'
ഷാഹിന കെ റഫീഖ്
മാതൃഭൂമി ബുക്സ്
₹ : 80.00

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ