Monday, November 20, 2017

കണ്ണീർ മധുരം

ക്ളീനിംഗ് ജോലി കഴിഞ്ഞ് എന്നത്തേയും പോലെ ആശുപത്രിയുടെ സർവ്വ ദുർഗന്ധവും പേറുന്ന ശരീരവുമായി  ക്ഷീണിച്ചും ധൃതിപിടിച്ചും  വീട്ടിലേക്കുള്ള ഓട്ടത്തിനിടയിൽ,   മക്കൾക്കിഷ്ടപ്പെട്ട മിട്ടായികൾക്കൊപ്പം വാങ്ങിയ 5star ചോക്ലേറ്റ് മാത്രം
വല്ലാത്തൊരു ഓമനത്തത്തോടെ   ബാഗിലേക്ക്  മാറ്റി വെക്കുമ്പോൾ അവൾ പറഞ്ഞു.
"ഇത് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കാണ്"
മരിച്ചുപോയ ഭർത്താവിനെ കുറിച്ചു നല്ലതൊന്നും പറയാനില്ലാത്ത അവൾക്ക് എങ്ങനെയാണ് ഈ  മിട്ടായി  അയാളുടെ ഓർമ്മയാകുന്നത് എന്ന് അമ്പരന്നു.

പതിനാറാം വയസ്സിൽ, കെട്ടിക്കൊണ്ടുവന്ന അന്ന് രാത്രി  പോലും മൂക്കറ്റം കുടിച്ചു വന്ന മനുഷ്യൻ. വീട്ടുകാർ തന്ന സ്വർണ്ണമൊക്കെ വിറ്റു തുലച്ചും ആവശ്യമില്ലാതെ വഴക്കിട്ടും തല്ലിച്ചതച്ചും....
എട്ടു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ അയാൾ വിഷം കഴിച്ചു മരിച്ചപ്പോൾ ഒരു തുള്ളി കണ്ണീര് പോലും വരാതെ  ആശ്വാസത്തിന്റെ നെടുവീർപ്പിട്ടവൾ.
രണ്ടു മക്കളെ പോറ്റാൻ വേണ്ടി ഇപ്പോഴും പെടാപ്പാട് പെടുന്ന അവൾ, അയാളുണ്ടായിരുന്നെങ്കിലെന്ന്  ഒരിക്കൽപോലും ഖേദിക്കുന്നത് കേട്ടിട്ടില്ല.

'തല്ലും വഴക്കും കഴിഞ്ഞു ബോധംകെട്ടുറങ്ങുന്ന രാവുകൾക്കൊടുവിൽ പേടിച്ചു വിറച്ചും കരഞ്ഞും നേരം പുലരാൻ വേണ്ടി  കാത്തിരുന്ന നാളുകൾ....
...രാവിലെ കഴിയുന്നതും കണ്ണിൻ മുന്നിൽ പെടാതെ ഭയന്നു മാറി അടുക്കളയിലോ പറമ്പിലോ ചൂളി നിൽക്കുമ്പോൾ കുനിഞ്ഞ മുഖത്തോടെ ചിലപ്പോൾ അടുത്തേക്ക് വരും....   പോക്കറ്റിൽ നിന്നും ഇതുപോലെ ഒരു 5 star  എടുത്തു കയ്യിൽ തരും. കുറ്റബോധമോ പശ്ചാത്താപമോ  ഒക്കെയായിരിക്കും അപ്പോൾ ആ കണ്ണുകളിൽ.  പതറിച്ചയോടെ മുഖത്തു നോക്കാതെ മെല്ലെ  പറയും..... "നിനക്ക് വേണ്ടി വാങ്ങി വെച്ചതായിരുന്നു... രാത്രിയിൽ തരാൻ മറന്നു ....കഴിച്ചോളൂ"...
എന്നിട്ട് മുഖം തരാതെ മെല്ലെ ഇറങ്ങിപ്പോകും'

'സ്നേഹമോ വാത്സല്യമോ കരുതലോ എന്തൊക്കെയോ ഞാൻ   അപൂർവ്വമായി മാത്രം അനുഭവിച്ച ചില നിമിഷങ്ങളുടെ ഓർമ്മയാണിത്'

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ