Monday, November 20, 2017

'പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണെ'


"ബിച്ചാ, എനിക്ക് ഇനിയും പാടണം.... സിനിമകൾക്ക് ഇനിയും സംഗീതം കൊടുക്കണം. അങ്ങനെ പെട്ടെന്ന് മരിക്കില്ല ബിച്ചാ ഞാൻ....ഇനിയും പാടാതെ, പെട്ടി വായിക്കാതെ പടച്ചവൻ എന്നെ വിളിക്കില്ല..."
('ബാബുക്ക'- എം എസ് ബാബുരാജിനെ കുറിച്ച് ഭാര്യ ബിച്ചയുടെ ഓർമ്മകൾ)

ബാബുരാജ്. ഇന്നും വാടാതെ സുഗന്ധം പൊഴിക്കുന്ന ഒട്ടേറെ ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ജീവിക്കുന്ന സംഗീത ലോകത്തെ അതുല്യപ്രതിഭയെ അറിയാത്തവരില്ല. വിഷാദ മധുരമായ ഒട്ടേറെ ഗാനങ്ങളിലൂടെ നമ്മുടെ മനസ്സിനെ തരളിതമാക്കുന്ന ഈണങ്ങളുടെ രാജകുമാരൻ.

ബാബുരാജ് എന്ന സംഗീത സംവിധായകനെ കുറിച്ച് നാം ഒരുപാടു വായിച്ചിട്ടുണ്ട്. എന്നാൽ  ബാബുക്ക എന്ന മനുഷ്യനെ കുറിച്ച് ആ ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ കുറിച്ച് കണ്ണീരിന്റെ നനവുള്ള ആ ജീവിതത്തെ കുറിച്ച് മലയാളിക്ക് ഏറെയൊന്നും അറിയില്ല. കേട്ടതിൽ പലതും കെട്ടുകഥകളും അതിശയോക്തികളും നിറഞ്ഞതായിരുന്നു താനും.

ഒട്ടും നിറക്കൂട്ടുകൾ ഇല്ലാതെ ആ ജീവിതത്തെ ഓർമ്മിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയതമ ബിച്ച 'ബാബുക്ക' എന്ന പുസ്തകത്തിലൂടെ.  എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി. സക്കീർ ഹുസൈൻ തയ്യാറാക്കിയ ഈ പുസ്തകം നമുക്ക് മുന്നിൽ തുറന്നു വെക്കുന്നത് ബാബുരാജ് എന്ന ഇതിഹാസത്തെ മാത്രമല്ല, ഒരു കാലഘട്ടത്തെ കുറിച്ച് കൂടിയാണ്.

സംഗീതം സിരകളിൽ ഒരു ആവേശമായി കൊണ്ടുനടന്ന കോഴിക്കോടൻ ഇന്നലെകൾ. മാളികപ്പുറങ്ങളിൽ പതിരാവോളം നീളുന്ന പാട്ടു സദസ്സുകളിലേക്ക് പുറം നാടുകളിൽ നിന്ന് പോലും പാട്ടുകാരെയും സംഗീതജ്ഞരെയും  കൊണ്ട് വന്നിരുന്ന കാലം. ബോംബെയിൽ നിന്നും കൽക്കത്തക്കാരനായ ജാൻ മുഹമ്മദ് കോഴിക്കോട് എത്തുന്നതും അങ്ങനെ തന്നെ. പാട്ടു പ്രേമികളുടെ നാട്ടിൽ വിവാഹം കഴിച്ചു  കൂടൊരുക്കിയ അദ്ദേഹം  പുത്രൻ മുഹമ്മദ് സാബിറിലൂടെ തന്റെ പിൻഗാമിയെയാണ് കണ്ടത്. പിതാവിന്റെ പെട്ടെന്നുള്ള മരണത്തോടെ  അദ്ദേഹം  പകർന്നു നൽകിയ സംഗീതം മാത്രം സമ്പാദ്യമായി ലഭിച്ച ആ കുട്ടി കുടുംബം പോറ്റാനായി തെരുവിലിറങ്ങി വയറ്റത്തടിച്ചു പാട്ടു പാടി കൈ നീട്ടേണ്ടി വന്നു.

യാദൃശ്ചികമായി ഈ കാഴ്ചകണ്ട കോൺസ്റ്റബിൾ കുഞ്ഞുമുഹമ്മദ് എന്ന കലാസ്നേഹിയായ വലിയ മനുഷ്യൻ ഈ കുട്ടിയിലെ പ്രതിഭയെ തിരിച്ചറിയുകയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

തെരുവിലെ പാട്ടുകാരനിൽ നിന്ന് കേരളം നെഞ്ചേറ്റിയ സംഗീത സംവിധായകാനിലേക്കുള്ള  വളർച്ചയുടെ കഥ മാത്രമല്ല ഈ പുസ്തകം. കടന്നുപോയ വഴികളിലെ വേദനയുടെയും ദുരിതങ്ങളുടെയും കണ്ണീരോർമ്മകൾ കൂടിയാണ്. ഒരു കാലഘട്ടത്തിലെ കോഴിക്കോടൻ മുസ്ലിം ജീവിതമാണ്. സിനിമയെന്ന അത്ഭുത ലോകത്തിലെ നന്ദിയുടെയും നന്ദി കേടിന്റെയും കഥ കൂടിയാണ്.  പണം വരുമ്പോൾ ആഘോഷമായി ജീവിക്കുകയും ഗതികേടിന്റെ മുന്നിൽ ആത്മാഭിമാനം മാറ്റിവെച്ചു ഏതു വേഷവും കെട്ടാൻ തയ്യാറാകുന്ന കലാകാരന്റെ ജീവിതമാണ്‌.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അകൽച്ചയിൽ ആയിരുന്ന ദേവരാജൻ മാഷ്, വിളിക്കാത്ത കല്യാണത്തിന് മകൾക്ക് വിവാഹസമ്മാനമായി സാരി അയക്കുന്നതും, ആ സാരി ഉടുത്തുകൊണ്ട് മകൾ മണവാട്ടിയായി ഇറങ്ങുന്നതും വലിയ മനസ്സുള്ള രണ്ടു കലാകാരന്മാരുടെ ചിത്രമാണ്. കൂട്ടുകാരെ സത്കരിക്കാൻ വേണ്ടി മോതിരം വിറ്റതും, ഒരുകാലത്ത് പ്രൊഡ്യൂസർമാർ ക്യൂ നിന്ന സംഗീത സംവിധായകൻ  അസുഖം ബാധിച്ച ശേഷം വീട്ടു ചെലവിന് ഗതിയില്ലാതെ ഗാനമേളക്ക് പെട്ടി വായിക്കാൻ പോകേണ്ടി വന്നതും കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിയൂ.

ബാബുരാജ് എന്ന  കലാകാരന്റെ ജീവിതത്തിലെ  ഉയർച്ചതാഴ്ചകൾ വരച്ചു വെക്കുന്നതോടൊപ്പം. ഭാര്യയെയും മക്കളെയും കുടുംബത്തെയും പ്രിയം കൊണ്ട് മൂടുന്ന, അവർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന സ്നേഹ സമ്പന്നനായ ഒരു കുടുംബ നാഥന്റെ ചിത്രം കൂടിയാണ് ഈ പുസ്തകം. സമൂഹം ആദരിക്കുന്ന കലാകാരന്റെ കരുതലില്ലാത്ത ജീവിതത്തിലേക്ക് ഇടപെടാൻ കഴിയാതെ നിസ്സഹായയായ പ്രിയതമയുടെ ഉള്ളുരുക്കങ്ങളും ഇതിൽ കാണാം.

ബാബുക്കയുടെ അപൂർവ്വ ചിത്രങ്ങളും, അദ്ദേഹം സംഗീതം നൽകിയ മുഴുവൻ പാട്ടുകളുടെയും വിശദാംശങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ബാബുക്കയുടെ ആസ്വാദകർക്ക് ഏറെ ഹൃദ്യമാകും.

ബാബുക്കയുടെ പ്രിയതമയുടെ ഹൃദയസ്പർശിയായ ഈ ഓർമ്മക്കുറിപ്പുകൾ വായിച്ചു കഴിയുമ്പോൾ മനസ്സിലുയരുന്നത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വരികളാണ്.
'എല്ലാ പ്രതീക്ഷയും വീണടിഞ്ഞല്ലോ
പള്ളിപറമ്പിലെ ആറടി മണ്ണിൽ
കണ്ണീർ കരിഞ്ഞാലും എന്തിനീ കാര്യം
മണ്ണോടു മണ്ണായ് കഴിഞ്ഞല്ലോ മാരൻ'

'ബാബുക്ക'- എം എസ് ബാബുരാജിനെ കുറിച്ച് ഭാര്യ ബിച്ചയുടെ ഓർമ്മകൾ
പി. സക്കീർ ഹുസൈൻ
പ്രസാധകർ: മാതൃഭൂമി ബുക്സ്
വില:₹ 165

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ