Monday, November 20, 2017

അവൾ വെറുമൊരു ശരീരം മാത്രമാണ്


പതിനാലു സെക്കന്റിൽ കൂടുതൽ ഒരു പെൺകുട്ടിയെ തറപ്പിച്ചു നോക്കിയാൽ പോലും കേസെടുക്കാൻ വകുപ്പുള്ള, സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ അത്രയേറെ ശുഷ്കാന്തിയുള്ള ഒരു നാടാണെങ്കിലും പെണ്ണിന് നേരെയുള്ള കൈയേറ്റം ഓരോ ദിവസവും കൂടി വരികയല്ലാതെ കുറയുന്നില്ല എന്നതിൽ വലിയ അതിശയമൊന്നും ഇല്ല.

സിനിമാനടി ആണെങ്കിലും തെരുവിൽ ഉറങ്ങുന്ന പിച്ചക്കാരി ആണെങ്കിലും ഒറ്റക്കായിപ്പോകുന്ന ഒരു പെണ്ണിനെ കയറിപ്പിടിക്കാനും എന്തും ചെയ്യാനും ഉള്ള അധികാരം തങ്ങൾക്കുണ്ട് എന്ന ആണധികാരത്തിന്റെ മുഷ്‌ക് യാതൊരു മറയും ഇല്ലാതെ പ്രകടിപ്പിക്കുന്നൊരു നാടാണിത്.  കാലവും.

തന്നെ ആക്രമിച്ചു എന്നൊരു പെണ്ണ് നിലവിളിക്കുമ്പോഴും അതിന്റെ പിന്നിലെ ദുരൂഹത തിരയുവാനും, അസമയത്ത് പുറത്തിറങ്ങുന്ന പെണ്ണിനെ ഉപദേശിക്കാനും  അവളുടെ വസ്ത്രധാരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടാനും ചുരുക്കിപ്പറഞ്ഞാൽ അവൾ ഇതൊക്കെ അർഹിക്കുന്നു എന്ന് വരുത്തിത്തീർക്കാനും ആണ് പൊതുവെ  ഉത്സാഹം. പെണ്ണിനെ 'നിലക്ക്നിർത്താൻ' സദാചാരവും മതവും ഒക്കെ കൂട്ടുപിടിക്കാനും നമ്മൾ ബഹു സമർത്ഥരാണ്.

അടക്കവും ഒതുക്കവും കരുതലും ഒക്കെ വേണം പെണ്ണിന് എന്ന് നേരെയും  പരോക്ഷവുമായൊക്കെ പെണ്ണിനെ നിരന്തരം ഉപദേശിച്ചു കൊണ്ടിരിക്കുന്നത് പെണ്ണിന്റെ സുരക്ഷയോർത്താണ്. ആരിൽ നിന്നാണ് സുരക്ഷ. വന്യജീവികളിൽ നിന്നല്ല, മറ്റൊരു പെണ്ണിൽ നിന്നും അല്ല. ഉപദേശികളും സംരക്ഷകരും ആയി മുന്നിൽ നിൽക്കുന്ന സാക്ഷാൽ പുരുഷന്മാരുടെ ഉപദ്രവത്തിൽ നിന്നുള്ള സുരക്ഷക്ക് വേണ്ടിയാണ് പെണ്ണ് പാലിക്കേണ്ട ചിട്ടകളെ കുറിച്ച്  നിരന്തരമായി ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നത് നല്ല കോമഡിയല്ലേ😊

നല്ല അടക്കവും ഒതുക്കവും ഒക്കെ ഉണ്ടായിട്ടും വീടകങ്ങളിൽ ഉറ്റ ബന്ധുക്കളാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെ പുറം ലോകവുമായൊരു ബന്ധവും ഇല്ലാത്ത  'നിർഭയ ഹോം' എന്ന പേരിലൊരു 'തടവറ'യിലേക്ക് ആയുഷ്കാലം  മാറ്റിപ്പാർപ്പിച്ചു കൊണ്ട് സുരക്ഷ ഉറപ്പാക്കുകയും, പ്രതികൾ സർവ്വതന്ത്ര സ്വതന്ത്രരായി സമൂഹത്തിൽ വിഹരിക്കുകയും ചെയ്യുന്ന നമ്മുടെ 'മധുര മനോജ്ഞ' നാട്ടിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതിൽ എന്താണ് അത്ഭുതം.

വിനീതവിധേയരായി നിൽക്കാതെ സ്വതന്ത്രമായി ചിന്തിക്കുകയും പറയുകയും പൊതു സമൂഹത്തിൽ ഇടപെടുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്ന പെണ്ണിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു ചുവട്ടിൽ പോയി 'ഭാവശുദ്ധി' ഉപദേശിക്കുന്ന അണ്ണന്മാരെ കണ്ടിട്ടില്ലേ. മോളെ എന്നും നീ എന്നും പെണ്ണേ എന്നും എടീ എന്നും തുടങ്ങുന്ന ഭാഷയിൽ ആണാധികാരത്തിന്റെ മുഷ്‌കോടെ  ഉപദേശിക്കാനും ശാസിക്കാനും ഇറങ്ങുന്നവർ. കൂട്ടം കൂടി ഒച്ചവെച്ചു ഒരുപെണ്ണിനെ നിശ്ശബ്ദയാക്കുക എന്നതാണ് ഇവരുടെ ആണത്തം.  ഇങ്ങനെ പെണ്ണിനെ ഒതുക്കുവാൻ നടക്കുന്ന അതേ മനോഭാവം തന്നെയാണ് ശാരീരികമായി കീഴ്പ്പെടുത്താൻ നടക്കുന്നവരിലും ഉള്ളത് എന്ന് ഓർക്കുക.

പണ്ടൊക്കെ നാട്ടുംപുറത്തെ  പാവം പെണ്ണുങ്ങളെ മസിൽപവർ കൊണ്ട്  കീഴ്പ്പെടുത്തിയ നാടൻ ചട്ടമ്പിമാരുടെ അതേ അഹങ്കാരവും    മനോഭാവവും  തന്നെയാണ്
സായിപ്പിന്റെ ഭാഷയിൽ ഒഴുക്കോടെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന കോട്ടും സൂട്ടും കൂളിംഗ് ഗ്ലാസും ഇട്ട് സെൽഫി ഇട്ട് കളിക്കുന്ന ഫേസ്‌ബുക്ക് ബ്രോ കളും കൊണ്ട് നടക്കുന്നത്. സർവ്വപെണ്ണുങ്ങളും തങ്ങളുടെ അധികാരത്തിന്റെ കീഴിലാണ് എന്ന മട്ടിലുള്ള  ധാർഷ്ട്യം. സദാചാരബോധവും മതശാസനകളും ഒക്കെ അവരുടെ കാഴ്ചപ്പാടിൽ  പെണ്ണിന്റെ കാര്യത്തിൽ മാത്രം ബാധകമായൊരു സംഗതിയാണ്.

ഈ ഒരു മനോഭാവം തന്നെയാണ് പൊതു ഇടങ്ങളിലും പെണ്ണിനോട് കാണിക്കുന്നത്. തങ്ങളുടെ ചിട്ടകൾക്ക് അപ്പുറം ജീവിക്കുന്ന ഒരു പെണ്ണിനെ പരസ്യമായും ആക്രമിക്കാൻ തങ്ങൾക്ക് അവകാശമുണ്ട് എന്നിടത്തോളം അത് വളർന്നിരിക്കുന്നു. സദാചാര ഗുണ്ടായിസവും സിനിമാനടിയെ അക്രമിക്കലും ഒക്കെ ഈ ഒരു ധാർഷ്ട്യത്തിന്റെ ഭാഗമാണ്. എന്ത് ചെയ്താലും ആളുകൾ അറിഞ്ഞാൽ മാനം നഷ്ടപ്പെടും എന്നത് കൊണ്ട് ഒരുപെണ്ണും പുറത്തു മിണ്ടില്ല എന്ന ധൈര്യം. അവളുടെ വേണ്ടപ്പെട്ടവർ തന്നെ പുറത്തറിയാതെ നോക്കും എന്ന ഉറപ്പ്.

'ഇനി ഒരു പെണ്ണിന്റെ നേരെ നിന്റെ കൈ ഉയർന്നാൽ ഞാനങ്ങു മൂക്കിൽ വലിച്ചുകളയും' എന്നൊക്കെ പഞ്ച് ഡയലോഗ് അടിക്കുന്ന സൂപ്പർതാരങ്ങളൊന്നും കൂട്ടത്തിൽ ഒരു പെൺകുട്ടിയെ നടുറോട്ടിൽ മാനം കെടുത്താൻ നോക്കിയ വാർത്ത അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നത്  കണ്ടിട്ടും,  ഇനിയും അവർ ഇമ്മാതിരി വീരപരിവേഷവുമായി മുന്നിൽ വരുമ്പോൾ നമുക്ക് കൈയടിക്കാം.
ഇതൊക്കെയാണ് മലയാളി എന്നത് കൊണ്ടുതന്നെ നമ്മുടെ പെണ്മക്കളുടെ മേൽ ഇനിയും കൈ വെക്കാൻ ആളുണ്ടാകും. അപ്പോഴും നമുക്ക് പെൺകുട്ടികളുടെ അടക്കത്തെയും ഒതുക്കത്തെയും കുറിച്ച് മാത്രം ചർച്ച ചെയ്യാം.

അവൾ സിനിമാനടി ആയാലും ശാസ്ത്രജ്ഞ ആയാലും എഴുത്തുകാരി ആയാലും രാഷ്ട്രീയക്കാരി ആയാലും കായികതാരം ആയാലും ആണിന്റെ  കണ്ണിൽ അവൾ വെറുമൊരു ശരീരം മാത്രമാണ് എന്നതാണ് സത്യം.  വേട്ടക്കാരനും സംരക്ഷകനും ചിന്തിക്കുന്നത്  ആ ഒരേ രീതിയിൽ ആയിപ്പോകുന്നു  എന്നതാണ് പെണ്ണിന്റെ ദുരന്തം. അതിനും അപ്പുറം അവളുടെ വ്യക്തിത്വം... ഓ.....പെണ്ണിന് വ്യക്തിത്വമോ......നിങ്ങളെന്തൊരു പഴഞ്ചനാണ് ഹേ.
2017 feb 19 fb

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ