Monday, November 20, 2017

വെളിച്ചമായി ഒരു ജീവിതം

'അമ്മ പ്രാർത്ഥനാവേളയിൽ ഉപയോഗിക്കുന്ന പഴയ മരക്കുരിശ് അപ്പോഴും ചുവരിലുണ്ട്. അവനതിൽ ബൾബുകൾ നിരനിരയായി ഘടിപ്പിച്ചു. പ്രാകൃതമായൊരു സാങ്കേതികവിദ്യ, ഒരു ബാലന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അടിയറവ് പറഞ്ഞു. മെഴുകുതിരികൾ അണയാതെ നിന്നു. ഈയം അലിവോടെ ഉരുകിക്കൊടുത്തു. ദിവസങ്ങളോളം നീണ്ട കഠിനാധ്വാനത്തിനൊടുവിൽ അതു സാധിച്ചു. പതിവുപോലെ സന്ധ്യാപ്രാർത്ഥനയ്ക്ക് ജോൺസനടുത്തെത്തിയ അമ്മ അമ്പരപ്പോടെ ചുവരിലും അവന്റെ മുഖത്തും മാറി മാറി നോക്കി. നൂറുവർണ്ണത്തിൽ തിളങ്ങിക്കത്തിക്കൊണ്ടിരിക്കുന്ന തന്റെ മരക്കുരിശ്..'
                      -ജോൺസൺ വെളിച്ചത്തെ പ്രണയിച്ച ഒരാൾ

എന്തെങ്കിലും ചെറിയ അപകടമോ രോഗമോ കാരണം നാലു ദിവസം കിടന്നുപോയാൽ അതോടെ ജീവിതം തന്നെ മടുത്തുപോകുന്നവർ   ആണ് നമ്മളിൽ ഏറെയും. അസാധ്യമായത് ഒന്നുമില്ല എന്ന നെപ്പോളിയൻ വചനമൊക്കെ എഴുതാനും പറയാനും എളുപ്പമാണെങ്കിലും അതൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുമോ എന്ന് നമുക്ക് തന്നെ ഉറപ്പില്ല എന്നതാണ് നേര്.

എന്നാൽ ഇച്ഛാശക്തിയും അർപ്പണബോധവും ഉണ്ടെങ്കിൽ ആഗ്രഹിച്ച ഉയരങ്ങൾ കീഴടക്കാൻ ശരീരത്തിന്റെ പരിമിതികൾ തടസ്സമല്ല എന്ന്  തെളിയിച്ച പെരുവണ്ണാമൂഴി സ്വദേശി ജോൺസന്റെ ജീവിതം ഏതൊരാൾക്കും പ്രചോദനം എന്നതിനുമപ്പുറം, രൂപം കൊണ്ട് നന്നേ ചെറുതെങ്കിലും ചിന്തകളും ചെയ്തികളും ഇടപെടലുകളും കൊണ്ട് ഏറെ വലിയ ഒരു മനുഷ്യന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.

പോളിയോ ബാധിച്ചു ശരീരം തളർന്നു ശോഷിച്ച,  സ്‌കൂളിന്റെ പടി കയറിയിട്ടില്ലാത്ത  ജോൺസൺ ഇന്ന് എൽ ഇ ഡി സോളാർ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന എം ടെക് എന്ന ഇലക്ട്രോണിക് വ്യവസായ സ്ഥാപന ഉടമയിലേക്ക് എത്തിയത്  സാധാരണ മനുഷ്യർ പോലും തളർന്നു പോകുന്ന എമ്പാടും പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടാണ്. അമ്മ പ്രാർത്ഥിക്കുന്ന മരക്കുരിശിൽ  എൽ ഇ ഡി  ബൾബുകൾ കൊണ്ട് മാലയുണ്ടാക്കി ചാർത്തി അമ്മയെ അത്ഭുതപ്പെടുത്തിയ പന്ത്രണ്ടുകാരന്റെ വളർച്ച. സ്ഥാപനം ഉദ്‌ഘാടനം ചെയ്യാനിരിക്കുന്നതിനു തലേദിവസം ഒക്കെയും തീ പിടിച്ചു നശിച്ചു പോയിട്ടും തളരാതെ ചാരത്തിൽ നിന്നും ഉയിർത്തു വന്ന ഫീനിക്സ് ജീവിതം.

സ്നേഹത്തോടെ ചേർത്തു പിടിച്ച അമ്മയും, ഒരിക്കലും സ്നേഹത്തോടെ ഇടപെടാതെ ഒടുവിൽ മകന്റെ വലിപ്പം തിരിച്ചറിഞ്ഞ അപ്പനും, അങ്ങനെ കണ്ണു നനയിക്കുന്ന ഒട്ടേറെ അനുഭവങ്ങൾ കൂടിയാണ് ഈ ജീവിതമെഴുത്ത്. അധ്യാപകനും എഴുത്തുകാരനും ആയ ജി രവി G Ravi ലളിതവും ഹൃദ്യവുമായ ശൈലിയിൽ ജോൺസന്റെ ജീവിതം ഈ പുസ്തകത്തിൽ വരച്ചു വെക്കുന്നു.
_______________
ജോൺസൺ വെളിച്ചത്തെ പ്രണയിച്ച ഒരാൾ
ജി രവി
പ്രസാധനം : H&C ബുക്സ്
₹ : 100

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ