Monday, November 20, 2017

ഒരു നോമ്പുകാല ഓർമ്മ

അനുഗ്രഹീത രാവിനെ പ്രതീക്ഷിക്കുന്ന അവസാനപത്തിലെ ഒരു രാത്രി ആയിരുന്നു. പള്ളിയിൽ   പാതിരാ നമസ്കാരത്തിന് വരിനിൽക്കുന്ന  വിശ്വാസികൾക്ക് അലോസരമായിക്കൊണ്ട് അവർക്കിടയിലൂടെ ഓടിക്കളിക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന പരിസരത്തെ കുട്ടികൾ.
ആദ്യ റക്അത്തുകൾ കഴിഞ്ഞു സലാം വീട്ടിയ ഉടനെ പലരും രൂക്ഷമായി നോക്കിയത് കൊണ്ടാവും കുട്ടികൾ പിറകോട്ട് പോയെങ്കിലും വീണ്ടും നമസ്കാരം തുടങ്ങിയപ്പോൾ അവർ ചിരിച്ചു കൊണ്ട് പിന്നെയും ഓടുകയും ഒച്ചയുണ്ടാക്കുകയും ചെയ്തു.
അടുത്തത് പിറകിലേക്ക് വിളിച്ചു കൊണ്ടുപോയി ശാസന ആയിരുന്നെങ്കിലും എന്നിട്ടും കുട്ടികൾ പഴയപോലെ...

പകലത്തെ ജോലിയുടെയും നോമ്പിന്റെയും തളർച്ച വകവെക്കാതെ പാതിരാത്രിയിൽ ഉറക്കമൊഴിഞ്ഞ് നമസ്കരിക്കുവരുടെ ഏകാഗ്രത തകർക്കുന്ന ഈ അലോസരത്തോടുള്ള അസഹ്യതയിൽ  അടുത്ത സലാം വീട്ടി കഴിഞ്ഞ ഉടനെ ചില മുതിർന്നവർ    എഴുന്നേറ്റ് ക്ഷോഭത്തോടെ  കുട്ടികളെ വഴക്കു പറഞ്ഞു  പുറത്താക്കാൻ നോക്കി.  തലകുനിച്ചു കൊണ്ടു  കുട്ടികൾ പുറത്തേക്ക് പോകുന്നത് കണ്ട സാത്വികനായ
ഇമാം  ശാന്തനായി എഴുന്നേറ്റ് നിന്ന് കൊണ്ട് പറഞ്ഞു.

"അല്ലാഹുവിന്റെ പ്രവാചകൻ നമസ്കരിക്കുമ്പോൾ പേരക്കുട്ടികൾ രണ്ടുപേരും ദേഹത്തു കയറി കളിക്കുമായിരുന്നു. സുജൂദിലാവുന്ന സമയത്തു മുതുകിൽ കയറി ഇരിക്കുന്ന പേരക്കുട്ടി താഴെ  ഇറങ്ങുന്നത് വരെ പ്രവാചകൻ അനങ്ങാതെ സുജൂദിൽ തന്നെ  കിടക്കുമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് നമുക്ക് കുട്ടികളുടെ ഈ വികൃതികളൊക്കെ അസഹ്യമായി തോന്നുന്നത്. അവരിവിടെ കളിച്ചു കൊള്ളട്ടെ. കാരുണ്യവാനായ അല്ലാഹുവിനു മുന്നിലാണ് നാം പ്രാർത്ഥിക്കുന്നതും അഹങ്കാരം വെടിഞ്ഞു സുജൂദ് ചെയ്യുന്നതും"

ഒരു തണുത്ത കാറ്റ് അപ്പോൾ   മരുഭൂമിയിലെ പള്ളിയെ വലം വെച്ചു കടന്നുപോയി.

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ