Monday, November 20, 2017

നിസ്സാരമായ ചില ജീവിതങ്ങൾ

പൊലർച്ചെ മീനെടുക്കാനായി   മാർക്കറ്റിലേക്ക് പുറപ്പെടുമ്പോൾ മോൾക്ക് പൊള്ളുന്ന പനി ആയിരുന്നു. അത് കൊണ്ടാണ് മീൻ വിക്കാൻ   എറങ്ങും മുമ്പൊന്ന്  പൊരേലേക്ക്  ഓടിക്കിതച്ച് വന്നത്. കോണി കേറുന്നേരം  എടവലക്കാരത്തി വിളിച്ചു പറഞ്ഞു.
"ഓൾക്ക് പനി കൂടീറ്റ് ആസ്പത്രീലെക്ക് കൊണ്ടോയീനും.... ആടന്ന് പറഞ്ഞ്പോലും വേഗം കോയ്‌ക്കോട്ടെക്ക് കൊണ്ടോയ്ക്കോളാൻ...."
പടച്ചോനേ... ന്റെ മോള്...

സൈക്കളും മീനും ആടത്തന്നെ ഇട്ട് അങ്ങാടീലേക്ക് പാഞ്ഞു. കിട്ടിയ ബസ്സിന്‌ കോയ്‌ക്കോട്ടേക്ക് പുറപ്പെടുമ്പോ ഏതാസ്‌പത്രീലായിരിക്കും കൊണ്ട് പോയത് എന്നൊരു ആന്തലായിര്ന്നു.   ധർമ്മാസ്പത്രീന്നു നേരെ മെഡിക്കൽ കോളേജിലേക്കായിരിക്കും പോയിറ്റുണ്ടാവുക എന്ന ഒറപ്പിൽ അങ്ങോട്ട് പൊറപ്പെട്ടു.
ഇക്കണ്ട ജനത്തെരക്കിന്റെടേന്ന് ഏടയാ അന്വേഷിക്കാ... ആരോടാ ചോയ്ക്ക്യാ....ന്റെ മോള് എവിടാ ഉള്ളത് എന്ന് ആപ്പീസിലും നെഴ്‌സ്മ്മാരോടും ആട കണ്ടോരോട് ഒക്കെയും  ചോയ്ച്ച്... ..   ഏതൊക്കെയോ വാർഡിലൊക്കെ  കേറി എറങ്ങി... ഏടേം കാണാനില്ലായ്‌രുന്നു ന്റെ മോളെ .... കട്ടില്മ്മലും നെലത്തും വരാന്തയിലും ഒക്കെ ആയി കെടക്ക്ന്ന ഓരോ കുഞ്ഞിമ്മക്കളെയും അടുത്ത് ചെന്ന് നോക്കി...അതിലൊന്നും....

ഉച്ച തിരിയും വരെ ആട ഒക്കെ അലഞ്ഞിട്ടും ന്റെ മോളെ കാണാണ്ടായപ്പോ എന്നാപ്പിന്നെ ഏതോ പ്രൈവറ്റ് ആസ്പത്രീല് കൊണ്ടോയ്റ്റുണ്ടാവുംന്ന് ഒറപ്പായി. ബസ്സ്ന്റെ  പൈസ പോലും പൊരേല് ഇല്ലായിനല്ലോന്ന് ഓർത്തു.   ആരോടെങ്കിലും കടം വാങ്ങി പോന്നതാവും. ആലോയ്ച്ചു നിക്കാൻ നേരല്ല...മെഡിക്കൽ കോളേജിന്റെ മുമ്പ്ന്ന് നേരെ ടൗണിലേക്ക് ബസ്സ് കേറി. പൊള്ളുന്ന വെയിലത്ത് കുടിനീര് പോലും ഇല്ലാതെ ഓരോ ആസ്പത്രീലും കേറി എറങ്ങുന്നേരാണ്, നേരം പൊലർന്നിറ്റ് ഇതുവരെ പച്ചവെള്ളം പോലും കൂടിച്ചിറ്റില്ലാലോ എന്ന് ഓർത്തത്..... വെശപ്പും ദാഹവും ഒന്നും ഇല്ലായ്‌നും.. ഇനിക്കിന്റെ മോളെ ഒന്ന്....

പോയത്തായ  ആസ്പത്രികളെ   മുന്നില് കൂടി നിക്കുന്ന ആൾക്കാരെ കൂട്ടത്തിലൊന്നും ഓളില്ല. ചില്ലിന്റപ്പറം കുത്തിരിക്ക്ന്നോരോട്  പേര് പറഞ്ഞു കാത്തു നിക്കുമ്പോ കരുതും ഇപ്പൊ ഇന്ന വർഡില് ഓള് ഉണ്ട്ന്നു  പറയുംന്ന്‌. അങ്ങനൊരു കുട്ടീനെ ആട കൊണ്ട് വന്നിറ്റില്ല എന്ന് ഓല് പറഞ്ഞിറ്റും സംശയം തീരാണ്ട് ഞാൻ പിന്നേം  ആടയൊക്കെ..... അങ്ങനെ ഓരോ ആസ്പത്രീം  കേറി എറങ്ങീട്ടും..

ഇനി ഒര്ത്തേലും പോയി നോക്കാനിലാണ്ട്  നെരത്തിന്റെ അര്ക്ക് തളർന്ന് കുത്തിര്ന്നു... അന്നേരം നേരം കരിച്ച ആകാനായിക്ക്..... ഇനി ഏട തെരയാനാ ന്റെ മോളേന്ന് കര്തി, ഇനി ചെലപ്പോ പനി കൊറഞ്ഞപ്പോ തിരിച്ചങ്ങ്  പൊരേല് പോയിക്കുണ്ടാവും ന്ന് സമാദാനിച്ച്  നാട്ടിലേക്കുള്ള ബസ്സിൽ കേറി കുത്തിര്ന്നു. ഞാനപ്പളത്തേക്ക് ആകെ  കൊയഞ്ഞു പോയിര്ന്നു.

അങ്ങാടീല് ബസ്സെറങ്ങുമ്പോ ഇര്ടായിര്ന്നു. പൊരേലേക്ക് തെരക്കിട്ട് നടക്ക്മ്പൊ ആരൊക്ക്യോ ന്റെ അട്ത്തേക്ക് വന്നു.

"ഇഞ്ഞേടായ്നും  ഇത്തിരേം നേരം... ഞാള് ഏടയൊക്കെ അന്നേശിച്ച് നെന്നെ.."
ആരോ ചോയ്ക്കുന്നു.
ആരോ തോളിൽ ബലമായി പിടിച്ചു കൊണ്ട് പറഞ്ഞു.
"ഇപ്പളാ അടക്കിയത്......ഇരുടാകുന്നതിന് മുമ്പ്.....ഇഞ്ഞ് ഏടയാ ഉള്ളത് എന്ന് പോലും അറിയാതെ എത്തര നേരാ വെക്ക്വാ... മരിച്ചിറ്റ് കൊറേ നേരായതല്ലേ..."

തലയിലൊരു ഇടിവെട്ടി..... അപ്പാടെ കുഴയുന്ന പോലെ.. ഒറ്റയടിക്ക് വെയർപ്പിൽ മുങ്ങി ആടത്തന്നെ തളർന്ന് കുത്തിര്ന്നു..
ന്റെ മോള്...ഓള് പോയി പോലും....ന്നെ കാണാൻ പോലും നിക്കാതെ....
ഒരു ചെറിയ പനി വര്മ്പളേക്കും മിണ്ടാതെ പോയ്ക്കളായ്യാന്നു പറഞ്ഞാ....
ഞാൻ ഇക്കണ്ട ആസ്പത്രിയിലൊക്കെ ന്റെ മോളേം തേടി നടക്കുമ്പോ.. ഓള് വ്ടെ ന്നേം കാത്ത്....
നിക്കൊന്ന് അവസാനായിറ്റ് കാണാൻ പോലും പറ്റീല്ലാലോ.....

ഓ.... സാരല്ല... ന്റേം ഓളേം ഒക്കെ അത്ര  ചെറിയ ജീവിതല്ലേ......ആരാ ശ്രദ്ധിക്ക്ന്നത് ഈ സങ്കടൊക്കെ...നിസ്സാരമായ ജീവിതോം അതില്ലും നിസ്സാരായ മരണോം...അത്രതന്നെ.

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ