Tuesday, November 21, 2017

ഓർമ്മകളിൽ പോലും ഇടം കിട്ടാതെ പോയവരെ കുറിച്ചൊരു നോവൽ


"...ഇന്ത്യൻ നേതാക്കൾ പാക്കിസ്ഥാനി നേതാക്കൾക്കു മുമ്പിൽ എഴുതി തയ്യാറാക്കി അവതരിപ്പിച്ച പ്രമേയം നീ വായിക്കുന്നത് നന്നായിരിക്കും അയിഷൂ, ചരിത്രം ഒരു മുസ്ലിംലീഗുകാരൻ പറഞ്ഞ ഈ വാക്കുകൾ രേഖപ്പെടുത്തി വെക്കുക ഇല്ലായിരിക്കാം. എങ്കിലും അവ സത്യമല്ലാതാകുന്നില്ലല്ലോ..."
                             
ഖദീജാ മുംതാസിന്റെ 'നീട്ടിയെഴുത്തുകൾ' ഒരു രാഷ്ട്രീയ നോവലല്ല. എന്നാൽ നമ്മുടെ മുഖ്യധാരാ വായനയിൽ  ഏറെയൊന്നും കടന്നുവരാത്ത, പലപ്പോഴും ഏകപക്ഷീയമായി വിമർശിക്കപ്പെടുക മാത്രം ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയത്തെ ഗൗരവപൂർവ്വം ഈ നോവൽ  ചർച്ച ചെയ്യുന്നുണ്ട്.  തികഞ്ഞ ഗാന്ധിയനും കോൺഗ്രസിന്റെ നേതൃ തലത്തിൽ ഉണ്ടായിരുന്ന ആളുമായ  ഒരാൾ എന്ത്കൊണ്ട് യാഥാസ്ഥിതികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന  മുസ്ലിംലീഗുകാരൻ ആയി മാറി എന്ന ഒരു അന്വേഷണം, ആ ഘട്ടത്തിൽ  അതിന്റെ അനിവാര്യത ഇതിലേക്കൊക്കെ ഒന്നു ടോർച്ചടിച്ചു നോക്കാനും വിശകലനം ചെയ്യാനും ഈ നോവലിന് സാധിക്കുന്നുണ്ട്. വർഗ്ഗീയ കക്ഷിയെന്നും ചത്ത കുതിരയെന്നുമൊക്കെ വിശേഷിക്കപ്പെട്ടപ്പോഴും മുസ്ലിംലീഗ് എന്ന ഒരു പാർട്ടിയെ നിലനിർത്താനും വളർത്താനും  വിദ്യാസമ്പന്നരും സമൂഹത്തിന്റെ ഉയർന്ന നിലയിൽ ഉള്ളവരും സ്വത്തുടമകളും ഒക്കെയായിരുന്ന ഒരുപാട് പേർ വ്യക്തിപരമായ നഷ്ടങ്ങൾ സഹിച്ചും അപഖ്യാതി ഏറ്റും എന്തിനു മുന്നോട്ടു വന്നു എന്നതിനെ  കുറിച്ചുള്ള അന്വേഷണം കൂടിയാണ്  'നീട്ടിയെഴുത്തുകൾ'.

ഒട്ടേറെ രാഷ്ട്രീയക്കാരെയും എഴുത്തുകാരെയും കലാകാരന്മാരെയും  മുസ്ലിംനവോത്ഥാനത്തിന് തുടക്കമിട്ട നേതാക്കളെയും ഒക്കെ സംഭാവന ചെയ്ത കൊടുങ്ങല്ലൂരിന്റെ മണ്ണാണ് ഈ നോവലിന്റെ തട്ടകം. നിസ്വാർത്ഥനും ത്യാഗിയും ഉജ്വലമായ നേതൃഗുണം ഉള്ള ആളുമായ സെയ്തുമുഹമ്മദ് എന്ന  വലിയൊരു മനുഷ്യന്റെ  പെങ്ങളുടെ മകളായ അയിഷു ആണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം.

കുഞ്ഞുന്നാൾ മുതൽ വെല്യാമ എന്ന സൂര്യന് ചുറ്റും കറങ്ങുന്ന ഒരു ഗ്രഹമാണ് അയിഷു. 'തീപ്പെട്ടിയുരച്ചിട്ടാൽ കത്തിപ്പിടിക്കാൻ തക്ക ജ്വലനസാധ്യതയുള്ള തലച്ചോറുമായി' പിറന്നവൾ. ഉയർന്ന തറവാട്ടിലെ ആഢ്യത്വവും തന്റേടവും ബുദ്ധിശക്തിയും ഉള്ള പെൺകുട്ടി.   ഡോക്ടർ ആവണം എന്ന് ആഗ്രഹിക്കുകയും നന്നായി പഠിക്കുകയും ചെയ്‌തെങ്കിലും സ്വപ്നത്തിന്റെ വാതിൽക്കൽ വെച്ച് അവൾക്കത് അകാരണമായി നിഷേധിക്കപ്പെടുകയാണ്. എട്ട് പെണ്മക്കളെ പ്രസവിച്ചു ഭർത്താവിന്റെ മരണശേഷവും, എന്തിന് മകൾ ഡോക്ടർ ആകാൻ പഠിക്കുമ്പോഴും അവർ ആ സ്വപ്ന സാക്ഷാത്കരത്തിനു വേണ്ടി ശ്രമിക്കുന്നുണ്ട്. ഡോക്ടർ എന്ന പദവിയോടുള്ള സമൂഹത്തിന്റെ  ആദരമാണ് ആ തൊഴിലിനെക്കാളേറെ കുഞ്ഞുനാളിൽ തന്നെ  അവളെ  ആ സ്വപ്നത്തിലേക്ക് എത്തിക്കുന്നത്. എത്രമേൽ ഒതുക്കപ്പെടുമ്പോഴും അതു കൊണ്ടു തന്നെയാവാം ഏറെ വൈകിയും ആ മോഹത്തിലേക്ക് അവരെ പിന്നെയും പിന്നെയും വലിച്ചടുപ്പിച്ചത്. നോവലിസ്റ്റ് വരച്ചു വെച്ചതിലുമേറെ ആഴത്തിൽ വിശകലനം ചെയ്യപ്പെടേണ്ട ശക്തമായ കഥാപാത്രമാണ് അയിഷു.

ബുദ്ധിമതിയും തന്റേടിയും പുരോഗമന ചിന്തയുള്ളവളും നല്ല വായനക്കാരിയും ഒക്കെയായ അയിഷു തന്നെയാണ്, വഴക്കാളിയായ ഭാര്യയായും മക്കൾക്ക്, എങ്ങനെയെങ്കിലും ഇവരിൽ നിന്ന് ദൂരേക്ക് രക്ഷപ്പെട്ടാൽ മതി എന്ന് തോന്നുന്നത്ര കർക്കശക്കാരിയായ ഉമ്മയായും ഒക്കെ മാറുന്നത്. സ്നേഹസമ്പന്നനായ ഭർത്താവ് മരിച്ചു ഏറെ വൈകാതെ അയാളുടെ ജ്യേഷ്ഠന്റെ രണ്ടാം ഭാര്യയാവാൻ അവൾ മടിക്കുന്നില്ല. പിണങ്ങി പിരിഞ്ഞു പോയെങ്കിലും അയാൾ രോഗശയ്യയിൽ ആണെന്നറിഞ്ഞു അവൾ ഓടിയെത്തുന്നത് ഉൽക്കടമായ സ്നേഹത്തോടെയാണ്. അതൊരിക്കലും ക്ഷമാപണഭാവത്തിലോ വിധേയത്വത്തിലോ അല്ല താനും. ദുർബലയും സർവ്വംസഹയും ആയി മാത്രം വരച്ചിടപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളാൽ സമ്പന്നമായ മലയാള സാഹിത്യത്തിൽ ഉറൂബിന്റെ ഉമ്മാച്ചുവിനെയോ  രാച്ചിയമ്മയേയോ  ബഷീറിന്റെ കുഞ്ഞുതാച്ചുമ്മയേയോ ഒക്കെ  ഓർമ്മിപ്പിക്കുന്ന അയിഷു  പെൺമനസ്സിന്റെ നിഗൂഢഭാവങ്ങളുടെയും  വീറിന്റെയും കരുത്തിന്റെയും പ്രതീകമാണ്.

അയിഷു മകൾ മെഹറിലൂടെയാണ് തന്റെ ഡോക്ടർ സ്വപ്നം സാക്ഷാത്കരിക്കുന്നത്.  ഗൈനക്കോളജിസ്റ്റ് കൂടിയായ നോവലിസ്റ്റിന് തന്റെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട  ഒട്ടേറെ കാര്യങ്ങൾ ഡോക്ടർ മെഹറിലൂടെ  നോവലിന്റെ ഏകാഗ്രതക്ക് ഭംഗം വരാതെ  പറയാൻ കഴിയുന്നുണ്ട്.

ഉമ്മയുടെ കർക്കശ്യത്തിനു മുന്നിൽ തനിക്ക് അനുഭവിക്കാൻ കഴിയാതെ പോയ സ്വപ്നങ്ങളെ തന്റെ സങ്കല്പമായ ദിയ മോളിലൂടെയാണ് മെഹർ  സാക്ഷാത്കരിക്കുന്നത്. വർത്തമാന കാല ഇന്ത്യൻ അവസ്ഥകളെ കുറിച്ചും കീഴാളമുന്നേറ്റങ്ങളെ കുറിച്ചും വർഗ്ഗീയ കലാപങ്ങളെ കുറിച്ചുമെല്ലാം ചർച്ച ചെയ്യാൻ ഈ പാത്രസൃഷ്ടിയുടെ സാധിക്കുന്നുണ്ട്. അതൊന്നും ഉപരിപ്ലവമായ പറഞ്ഞുവെക്കൽ മാത്രമല്ല താനും.

ഖദീജാ മുംതാസിന്റെ  'ബർസ' അർഹിക്കുന്നതിലേറെ കൊണ്ടാടപ്പെട്ട നോവൽ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ മറ്റൊരു നോവലിലും ഇതുവരെ പരാമർശിക്കപ്പെടാത്ത രാഷ്ട്രീയത്തിന്റെ പേരിലായാലും , മലയാള നോവലുകളുകളിൽ അപൂർവ്വമായി കൊണ്ടിരിക്കുന്ന ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ  കുറിച്ചാണെങ്കിലും ചർച്ച ചെയ്യപ്പെടാനുള്ള കാര്യങ്ങൾ ഏറെ   ഉണ്ടായിട്ടും 'നീട്ടിയെഴുത്തുകൾ'ക്ക്  മലയാള സാഹിത്യലോകം വേണ്ട പരിഗണന നൽകിയോ എന്ന് സംശയമാണ്. രണ്ടാമതൊരാവർത്തി വായിക്കാൻ തോന്നാത്ത പുസ്തകങ്ങൾ പോലും ഗംഭീരമായി കൊണ്ടാടപ്പെടുമ്പോൾ 'നീട്ടിയെഴുത്തുകൾ' പോലുള്ള കൃതികൾ അവഗണിക്കപ്പെട്ടുപോകുന്നത് എന്തുകൊണ്ടാവാം?

ഓർമ്മകളിൽ പോലും ഇടം കിട്ടാതെ പോയവർക്കാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ചിന്തയുടെ തുറവുകൾ സമ്മാനിക്കാനും വായനയുടെ അനുഭൂതി നൽകാനും കഴിയുന്ന കൃതികൾ അപൂർവ്വമായി മാത്രം സംഭവിക്കുന്ന മലയാളത്തിൽ ഈ പുസ്തകവും അങ്ങനെ ആവാതിരിക്കട്ടെ.
___________________
നീട്ടിയെഴുത്തുകൾ
ഖദീജാ മുംതാസ്
പ്രസാ: DC ബുക്സ്
വില ₹ 190

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ