Monday, November 20, 2017

നാം മറന്നുകളഞ്ഞൊരു പുസ്തകവും എഴുത്തുകാരനും


Klf വേദിയിലെ 'എഴുത്തും ദേശവും' എന്ന, പ്രശസ്ത എഴുത്തുകാരായ യു കെ കുമാരനും സുഭാഷ് ചന്ദ്രനും പങ്കെടുത്ത സെഷനിൽ   'തച്ചനക്കരയും' 'തക്ഷൻകുന്നും' അടക്കം  മലയാള നോവലുകളിൽ അടയാളപ്പെടുത്തിയ  ദേശങ്ങളെ കുറിച്ച് മികവോടെ ചർച്ച ചെയ്യപ്പെട്ടു. രണ്ടു എഴുത്തുകാരുടെയും തട്ടകമായ കോഴിക്കോടിനെ കുറിച്ചും ഈ ദേശത്തെ  രേഖപ്പെടുത്തിയ നോവലുകളെ കുറിച്ചും  പരാമർശമുണ്ടായി.

ചർച്ചയുടെ അവസാനം എന്തുകൊണ്ടാണ് കോഴിക്കോട്ടങ്ങാടിയുടെ യഥാർത്ഥ ചിത്രവും ഒരു കാലത്തെ ജീവിതവും കൃത്യമായി വരച്ചു വെക്കുന്ന പി എ മുഹമ്മദ് കോയയുടെ  'സുൽത്താൻ വീട്' ഇങ്ങനെയുള്ള ചർച്ചകളിലൊന്നും പരാമർശിക്കപ്പെടാതെ പോകുന്നത്  എന്ന എന്റെ ചോദ്യത്തിന് കുമാരൻ സാർ പറഞ്ഞ മറുപടി  'സുൽത്താൻ വീടും' എൻ പി മുഹമ്മദിന്റെ  'എണ്ണപ്പാടം' പോലും പലപ്പോഴും  എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല എന്ന് മാത്രമല്ല ബോധപൂർവ്വം അകറ്റി നിർത്തപ്പെടുന്നോ എന്ന് സംശയിക്കുന്നു എന്നാണ്.

എന്തുകൊണ്ടായാലും 'സുൽത്താൻ വീട്' എന്ന നോവൽ വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നത് സാഹിത്യ വിദ്യാർത്ഥികൾക്ക് മാത്രമല്ല ചരിത്ര വിദ്യാർത്ഥികൾക്കും വലിയ നഷ്ടമാണ് എന്നത് കൊണ്ട് തന്നെ ആ പുസ്തകത്തെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ പോസ്റ്റ്.

നാലു പതിറ്റാണ്ട് മുമ്പ് ഇറങ്ങിയ 'സുൽത്താൻ വീട്' ഒരു നോവൽ എന്ന നിലയിൽ മലയാളത്തിലെ മികച്ച നോവലുകളുടെ കൂട്ടത്തിൽ എണ്ണപ്പെട്ട ഒന്നാണ്. ഒരു കാലത്തെ കോഴിക്കോടിനെ കുറിച്ചും കോഴിക്കോട്ടങ്ങാടിയിലെ വിവിധ പ്രദേശങ്ങളെ കുറിച്ചും കൃത്യവും സൂക്ഷ്മവും ആയ വിവരണം ഈ നോവലിന്റെ പ്രത്യേകതയാണ്. അതിലുപരി ഒരു കാലത്തെ കോഴിക്കോടൻ മുസ്ലിംകളുടെ ജീവിതരീതിയെ, തറവാട്ടകങ്ങളിലെ മനുഷ്യരുടെ നോവുകളെയും വേവുകളെയും  ഇത്ര കൃത്യമായി അടയാളപ്പെടുത്തിയ പഠനങ്ങൾ പോലും മലയാളത്തിൽ ഏറെ  ഉണ്ടാവുകയില്ല.

കുറ്റിച്ചിറ പ്രദേശത്തെ കോയമാരുടെ വീടുകളും മാളികകളും അതിനകത്തെ ജീവിതങ്ങളും വസ്ത്ര ഭക്ഷണ ശീലങ്ങളും ഒരുക്കങ്ങളും ആഭരണങ്ങളും ആതിഥ്യ മര്യാദയും എന്ന് വേണ്ട ആ സമൂഹത്തിൽ ജീവിച്ച ഒരു വ്യക്തി എന്ന നിലയിൽ ഇത്രയും സത്യസന്ധമായ ഒരു വിവരണം മറ്റാരിൽ നിന്നും ലഭിക്കാൻ സാധ്യമല്ല എന്ന് ഈ നോവൽ വായിച്ചാൽ മനസ്സിലാകും.

അഞ്ഞൂറോളം പേജുകൾ ഉള്ള, ഒട്ടേറെ കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്ന  സംഭാഷണങ്ങൾ ഏറെയും കോഴിക്കോടൻ മുസ്ലിംകളുടെ വാമൊഴിയിലായ ഈ നോവൽ കയ്യിലെടുത്താൽ മുഴുമുപ്പിക്കാതെ താഴെ വെക്കാൻ തോന്നില്ല എന്നത് രചനാ ശൈലിയുടെ മാന്ത്രികതയാണ്.  മൂന്നു നോവലുകളും (സുൽത്താൻ വീട്, സുറുമയിട്ട കണ്ണുകൾ, ടാക്സി) മൂന്നു കഥാ സമാഹാരങ്ങളും (ദ്വീപുകാരൻ, സ്പോർട്സ്മേൻ, അഭിലാഷം) പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചുവെങ്കിലും പി എ മുഹമ്മദ്കോയ  എന്ന സാഹിത്യകാരനെക്കാൾ മലയാളി ഏറെ അറിയുന്നത് 'മുഷ്താഖ്' എന്ന് പരകായ  പ്രവേശം നടത്തിയ കളിയെഴുത്തുകാരനെയാണ് എന്നതാണ് കൗതുകം.

ഈ പോസ്റ്റിനു വേണ്ടി ഗൂഗിളിൽ പരതിയപ്പോഴാണ് ആ വലിയ എഴുത്തുകാരനെ മലയാളി എത്രത്തോളം അവഗണിച്ചു കളഞ്ഞു എന്ന് വേദനയോടെ മനസ്സിലാക്കുന്നത്. വിക്കിപീഡിയയിൽ പോലും അദ്ദേഹത്തെ കുറിച്ച് ചേർത്തിട്ടില്ല. വളരെ ചുരുങ്ങിയ ചില കുറിപ്പുകൾ അല്ലാതെ ഇന്റർനെറ്റിൽ അദ്ദേഹത്തെ കുറിച്ച് ഏറെ വിവരങ്ങൾ ഒന്നും കാണാനില്ല.

എന്റെ അറിവ് ശരിയാണെങ്കിൽ ഏറെക്കാലമായി 'സുൽത്താൻ വീട്' വിപണിയിൽ ഇല്ല. അവസാനമായി പ്രസിദ്ധീകരിച്ചത് DC ബുക്സ് ആയിരുന്നു. സാഹിത്യതല്പരരും  ദേശ ചരിത്രങ്ങൾ തേടുന്നവരും കോഴിക്കോടൻ മുസ്ലിം സമൂഹത്തിന്റെ ഇന്നലകളെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവരും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് 'സുൽത്താൻ വീട്' എന്ന നോവൽ.

അതോടൊപ്പം തന്നെ നാം സൗകര്യപൂർവ്വം മറന്നു കളഞ്ഞ ഈ എഴുത്തുകാരനെ പുതുതലമുറക്ക് അറിയാനും പരിചയപ്പെടാനും ഉള്ള അവസരങ്ങൾ ഒരുക്കുകയും വേണം. അത് കോഴിക്കോട്ടെ സാഹിത്യപ്രേമികളുടെ ബാധ്യത കൂടിയാണ്. പ്രശ്‌നങ്ങൾക്കും പ്രാരാബ്ധങ്ങൾക്കും ഇടയിലും അക്ഷരങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച, വരും തലമുറകൾക്ക് വേണ്ടി മികച്ച ഒരു ഗ്രന്ഥം രചിച്ചു കടന്നുപോയ എഴുത്തുകാരനോടുള്ള ആദരം മാത്രമായിരിക്കും അത്.

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ