Monday, November 20, 2017

ബഹളങ്ങൾക്കിടയിൽ ഒതുങ്ങിപ്പോയ ഒരു പാവം 'സൈറാബാനു'

ഈയിടെ ഇറങ്ങിയ രണ്ടു മലയാള സിനിമകൾ-  'ടേക് ഓഫും'  'C/O സൈറാബാനു'വും  നായികാ പ്രധാന്യമുള്ളവയായിരുന്നു എന്ന് മാത്രമല്ല, കേന്ദ്ര കഥാപാത്രങ്ങളായി   രണ്ടു മുസ്ലിം സ്ത്രീകളെയാണ്  അവതരിപ്പിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്.

ഒരു സംഭവ കഥയുടെ ആഖ്യാനം ആണെങ്കിലും  വില്ലന്മാർ ഐസിസ് തീവ്രവാദികൾ ആയതു കൊണ്ടാവാം മലയാള സിനിമയുടെ പതിവ് രീതി വെച്ച് തൂക്കമൊപ്പിക്കാൻ 'ടേക് ഓഫി'ൽ   നായികയെയും മുസ്ലിം ആക്കാൻ ശ്രമിച്ചത്. പക്ഷെ അപ്പോഴും പേരിനപ്പുറം മതവുമായി ഒരു ബന്ധവും ഇല്ലാത്ത 'നല്ല മുസ്ലിം' വാർപ്പ് മാതൃകയിൽ സമീറയെ അവതരിപ്പിക്കാൻ സംവിധായകൻ വളരെ ശ്രദ്ധിച്ചിട്ടുണ്ട്.  നമസ്കരിക്കാതെ കിടന്നുറങ്ങുന്ന, തട്ടമിടാത്ത, പർദ്ദയെ വെറുക്കുന്ന, എന്തിന് ഏതൊരു നിരക്ഷരനായ മുസ്ലിമിന് പോലും ഓതാൻ അറിയുന്ന ചെറിയൊരു ഖുർആൻ അധ്യായം പോലും അറിയാത്ത ആളായി സമീറയെ വരച്ചു വെക്കുന്നതിലൂടെ വർത്തമാന കാലത്തെ ചില പൊതുബോധങ്ങളെ തൃപ്തിപ്പെടുത്തുന്ന കൗശലമാണ് 'ടേക് ഓഫ്'  നിർവ്വഹിക്കുന്നത്.

എന്നാൽ ഏറെയൊന്നും ആഘോഷിക്കപ്പെടാതെ പോയ 'C/O സൈറാബാനു' വിൽ  കേന്ദ്ര കഥാപാത്രമായി മലപ്പുറത്തുകാരിയായ മുസ്ലിം സ്ത്രീ തന്നെ ആവണം എന്ന് കഥയിൽ യാതൊരു നിർബന്ധവും ഇല്ലാഞ്ഞിട്ടും, അങ്ങനെ ഒരു നായികയെ അവതരിപ്പിച്ചു കൊണ്ട് നമ്മുടെ മുഖ്യധാരാ സിനിമകളുടെ പതിവു രീതിയിൽ നിന്ന് ബോധപൂർവം വഴിമാറി നടക്കുന്നത് കാണാം. തട്ടവും മഫ്തയും ധരിക്കുന്ന മുഴുക്കൈയ്യൻ ചുരിദാർ ഇടുന്ന നമസ്കരിക്കുകയും ഓതുകയും ചെയ്യുന്ന നമ്മുടെ ചുറ്റുപാടിൽ കാണുന്ന ഒരു സാദാ മാപ്പിളപ്പെണ്ണാണ് ഈ സിനിമയിൽ മഞ്ജുവാര്യർ അവതരിപ്പിക്കുന്ന പോസ്റ്റ് വുമൺ സൈറാബാനു.  ആ ഒരു വ്യക്തിത്വത്തിൽ നിന്ന് കൊണ്ട് തന്നെ ജോഷ്വാ പീറ്റർ എന്ന കുട്ടിയെ സ്വന്തം മകനായി വളർത്താനും അവനു വേണ്ടി ജീവിക്കാനും സൈറാബാനുവിന് കഴിയുന്നുണ്ട്. മുസ്ലിം ദളിത് രൂപങ്ങളെ നായികാ നായകന്മാരായി
അവതരിപ്പിക്കാൻ വല്ലാതെ ഇടങ്ങേറാവുന്ന നമ്മുടെ മുഖ്യധാരാ സിനിമകളിൽ സൈറാബാനു എന്ന കഥാപാത്രത്തിന്  അതുകൊണ്ടു തന്നെ ഏറെ പ്രസക്തിയുണ്ട്.

അതിനും അപ്പുറം നമ്മുടെ മുഖ്യധാരാ സിനിമകൾ പറയാൻ മടിക്കുന്ന  ചില വർത്തമാന കാല വിഷയങ്ങളെ  ചെറുതായെങ്കിലും ഈ സിനിമ പരാമർശിച്ചു പോകുന്നു.

റോഡ് വികസനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന കുടുംബവും, ആഹാരത്തിന്റെ കാര്യത്തിൽ പോലും മനുഷ്യർക്കിടയിൽ സ്പർദ്ധയുണ്ടാകുന്ന വർത്തമാന കാല അവസ്ഥയും, നിയന്ത്രണം വിട്ട വണ്ടി ആണെങ്കിലും അത് മുന്നിൽ കാണുന്ന പശുവിനെ ഇടിച്ചാൽ ഉണ്ടാകുന്ന പൊല്ലാപ്പും,  മുസ്ലിം ആയതു കൊണ്ട് കേസ് ഏറ്റെടുക്കാതെ മടക്കുന്ന ബ്രാഹ്മണൻ ആയ  വക്കീലും ഒക്കെ നമ്മുടെ സിനിമകൾ പറയാൻ മടിക്കുന്ന വിഷയങ്ങൾ ആണ്.

സാമ്പത്തിക ശേഷി ഇല്ലാത്തവർക്ക്  സർക്കാർ  നൽകുന്ന വക്കീലന്മാർ വാദിച്ച ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യവും, കമ്പ്യൂട്ടർ പരിശീലനത്തേക്കാളും സ്‌കൂളുകളിൽ നിർബന്ധമാക്കേണ്ടത്  നിയമ സാക്ഷരത ആണ് എന്നതും, പഠിപ്പും അറിവും ഇല്ലാത്ത സാധുക്കൾക്ക് മുന്നിൽ ഇപ്പോഴും ഇംഗ്ളീഷിൽ എഴുതിയും പറഞ്ഞും ആഢ്യത്വത്തോടെ നിൽക്കുന്ന നമ്മുടെ കോടതി സംവിധാനങ്ങളെ കുറിച്ചും ഒക്കെ ഈ സിനിമ പറയുന്നത് അത്ര നിസ്സാരമായ കാര്യങ്ങൾ അല്ല എന്നത് ആയുഷ്കാലം മുഴുവൻ കോടതിവാരാന്ത നിരങ്ങേണ്ടി വരുന്ന ഗതികെട്ടവർക്ക് മാത്രം മനസ്സിലാവുന്ന നേരുകളാണ്. അതേ പോലെ നിന്ന നിൽപ്പിൽ ഉയർന്നു പൊങ്ങുന്ന കെട്ടിടങ്ങളുടെ  പിന്നിൽ വിയർപ്പൊഴുക്കുന്ന  അന്യസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയെ കുറിച്ചും ഈ സിനിമ പറഞ്ഞു വെക്കുന്നു.

മുമ്പ് കാലത്തൊക്കെ ഒരു സിനിമയുടെ വിജയത്തിൽ മൗത് പബ്ലിസിറ്റിക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ഇന്നത് സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ സത്യസന്ധമായ വിലയിരുത്തലുകൾക്ക് പകരും ആസൂത്രിതമായ പ്രമോഷനും ഡീഗ്രേഡ് ചെയ്യലും ഒക്കെ ആയി മാറി. റിലീസ് ദിവസം ആദ്യ ഷോ കഴിയുന്നതിനു മുമ്പ് തന്നെ ലോകാത്ഭുതം ആയും വെറും പൊട്ടപ്പടം ആയുമൊക്കെ റിവ്യൂ വായിക്കേണ്ടി വരുന്ന സാധാരണ പ്രേക്ഷകൻ എന്ത് വിശ്വസിക്കണം എന്നറിയാതെ അമ്പരക്കുന്നു. ഈ കോലാഹലങ്ങൾക്കിടയിൽ ചില നല്ല സിനിമകൾ ആരാലും കൊണ്ടാടപ്പെടാനില്ലാതെ കടന്നു പോകുകയും ചെയ്യുന്നു.

വ്യത്യസ്തമായൊരു കഥയും മികച്ച അവതരണവും ഹൃദ്യമായ അഭിനയവും എല്ലാം കൊണ്ടും ഏതുതരം പ്രേക്ഷകർക്കും  ഇഷ്ടപ്പെടുന്ന 'C/O സൈറാബാനു' ഈയിടെ, അർഹിക്കുന്നതിലും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചില സിനിമകളുടെ കോലാഹലങ്ങൾക്കിടയിൽ ഒതുങ്ങിപ്പോയ  സിനിമയാണ്.

ആദ്യ സിനിമ എന്ന യാതൊരു കൈവിറയലും ഇല്ലാതെ സംവിധായകൻ ആന്റണി സോണി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു  ഈ ചിത്രം എന്നത് പോലെ, പുതുമുഖം തന്നെയായ   ആർ ജെ ഷാന്റെ വ്യത്യസ്തമായ കഥയും പിഴവുകൾ ഇല്ലാതെ  ഒരുക്കിയ തിരക്കഥയും 
സിനിമയുടെ നട്ടെല്ല് തന്നെയാണ്.

നമ്മുടെ പുരുഷ  സൂപ്പർ താരങ്ങൾ പട്ടാള ബഡായി പറഞ്ഞും സ്ലോ മോഷൻ ആക്ഷൻ രംഗങ്ങളും ഗെറ്റപ്പും കാണിച്ചും അമാനുഷ പരിവേഷങ്ങളുടെ താരപ്പൊലിമ കൊണ്ട് പ്രേക്ഷകന്റെ  ക്ഷമ പരീക്ഷിക്കുമ്പോൾ ഇവിടെ ഒരു നടി അഭിനയത്തിന്റെ മികവ് കൊണ്ട് സൂപ്പർ താരമായി ഉയരുന്നത് നാം കണ്ടില്ലെന്നു നടിക്കുന്നു. മഞ്ജുവാര്യർ എന്ന മികച്ച അഭിനേത്രി ശരിക്കും മലയാളിയുടെ അഹങ്കാരം തന്നെയാണ് എന്നു തെളിയിക്കുന്നു സൈറാബാനു എന്ന പോസ്റ്റ് വുമൺ. ആദ്യപകുതിയിലെ സ്മാർട്ട് ആയി മകനോടൊപ്പം  തമാശ കളിച്ചു നടക്കുന്ന സ്ത്രീയിൽ നിന്നും രണ്ടാം പകുതിയിലെ കൊലപാതക കേസിൽ ജയിലിൽ കിടക്കുന്ന മകനെ രക്ഷിക്കാൻ  ഓടി നടക്കുന്ന അമ്മയിലേക്കുള്ള മാറ്റം, ആ ശരീരഭാഷ പോലും എത്ര തന്മയത്വമായാണ് ഈ അഭിനേത്രി ആവിഷ്‌കരിക്കുന്നത്. തന്റെ ചിറകിനടിയിൽ നിന്നും മകൻ പറന്നു പോകുമോ എന്ന ആധിയും. മകൻ ജയിലിൽ ആയതോടെ അവനെ രക്ഷിക്കാനുള്ള അമ്മ മനസ്സിന്റെ പിടച്ചിലുകളും ഡയലോഗുകളുടെ അകമ്പടി ഇല്ലാതെ തന്നെ അഭിനയിച്ചു ഫലിപ്പിക്കുന്ന ഈ നടിയുടെ പ്രകടനം വല്ലാതെ അതിശയപ്പെടുത്തും.

'ധീരോദാത്തനതിപ്രതാപഗുണവാ'നായ പുരുഷ നായകന്റെ ചുറ്റും തിരിയുന്ന മലയാള സിനിമയിൽ  അപൂർവ്വമായി മാത്രം ഉണ്ടാവുന്ന ഇങ്ങനെ ഉള്ള ചിത്രങ്ങൾ അരുക്കാക്കപ്പെടുന്നത് കൊണ്ടുള്ള നഷ്ടം പ്രേക്ഷകന് തന്നെയാണ്.

സാധാരണ മനുഷ്യരുടെ കഥ പറയുന്ന ഈ സിനിമ പണത്തിനും അധികാരത്തിനും മുന്നിൽ നിസ്സഹായനായിപ്പോകുന്ന ദുർബലരുടെ കഥയാണ് പറയുന്നതെങ്കിലും അമ്മ എന്ന വാക്കിന്റെ മഹത്വമാണ് ഈ സിനിമ ഉയർത്തികാട്ടുന്നത്. നീന്തൽ അറിയില്ലെങ്കിലും തന്റെ കുഞ്ഞു കിണറ്റിൽ വീണാൽ ആലോചിച്ചു നിൽക്കാതെ രക്ഷിക്കാനായി എടുത്തു ചാടുന്ന അമ്മയെ പോലെ മകനെ രക്ഷിക്കാനായി സ്വയം കേസ് വാദിക്കാൻ ഒരുങ്ങുന്ന അമ്മ, നിരപരാധിയായ തന്റെ മകൻ രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നത് പോലെ  മറ്റൊരു മകൻ ശിക്ഷിക്കപ്പെടാതിരിക്കണം എന്നും ചിന്തിക്കുന്നുണ്ട്. അതേ മനസ്സ് തന്നെയാണ് ഏതോ അന്യദേശത്തു തന്റെ മകൻ മരിച്ചത് പോലും അറിയാതെ കഴിയുന്ന  ഒരു അമ്മയെ തേടിപ്പോകാൻ അവരെ പ്രേരിപ്പിക്കുന്നത്. അമ്മമാർക്ക് മാത്രം മനസ്സിലാകുന്ന ചില ഉൾപ്പിടച്ചിലുകൾ.

സൂപ്പർ താര സിനിമകൾക്ക് വേണ്ടി ഇടം ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന  'C/O സൈറാബാനു'  കോഴിക്കോട് പോലും ഒരേ  ഒരു തിയേറ്ററിൽ  ഒറ്റ ഷോ മാത്രമാണ് ഉള്ളത്. വിഷുദിനം ആയിട്ട് പോലും മിനിഞ്ഞാന്ന് പാതി സീറ്റും കാലി. മീഡിയാ പ്രചാരണങ്ങളുടെ തള്ളില്ലെങ്കിൽ ആള് കയറാത്ത അവസ്‌ഥയാണ്‌ നല്ല സിനിമകൾക്ക് എന്നത് ദൗർഭാഗ്യകരമാണ്. ഈയിടെ ഇറങ്ങിയ സിനിമകളിൽ എന്തു കൊണ്ടും ഏറെ മികച്ച, ഏതു തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയാണ് 'C/O സൈറാബാനു'  എന്നതിൽ സംശയം ഇല്ല. പല നല്ല സിനിമകളും വീഡിയോ ഇറങ്ങിയലോ ടോറന്റിൽ വന്നാലോ മാത്രം കണ്ട് അയ്യടാ എന്നു പറയാനാണല്ലോ നമുക്ക് യോഗം.

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ