Monday, November 20, 2017

Fb പെങ്ങന്മാർക്ക് നരകത്തിലേക്ക് ടിക്കറ്റ് കൊടുക്കാൻ നടക്കുന്ന ആങ്ങളമാരോട്.

2016 dec 14 fb

ഫേസ്ബുക്കിലുള്ള മാപ്പിളപ്പെണ്ണിനെ തട്ടമിടീക്കാനും തുണിയുടുപ്പിക്കാനും ദീൻ പഠിപ്പിക്കാനും നടക്കുന്ന കുറെ  'ഫേസ്‌ബുക്ക് ദീനി'കളുണ്ട്.

കണ്ട പെണ്ണിന്റെയൊക്കെ പോസ്റ്റിന്റെ ചോട്ടിൽ പോയി ഓൾക്ക് സ്വർഗ്ഗവും നരകവും വിധിക്കാൻ നിങ്ങളൊക്കെ   ആരാണെന്നാ വിചാരം.  നാലണയുടെ ഒരു ഫോണും നെറ്റും ഉണ്ടെങ്കിൽ ഫത്‌വ ഇറക്കാൻ നടക്കുന്ന കുറെ ഉണ്ണാക്കന്മാര്.

സമുദായത്തിലെ പെങ്ങന്മാരുടെ  കാര്യത്തിൽ അത്ര വലിയ ഉത്കണ്ഠയും വേദനയും ഉണ്ടെങ്കിൽ ഒന്ന് പുറത്തേക്കിറങ്ങി ചുറ്റും നോക്ക്. Fb യിലെ പെണ്ണിന്റെ തുണി നീങ്ങിപ്പോയത് മാത്രം കണ്ടാൽ പോരാ. ഉടുതുണിക്ക്  മറുതുണിയില്ലാത്ത  കുഞ്ഞുങ്ങളെ  പോറ്റാൻ, സ്വന്തം ഉടുതുണി അഴിക്കേണ്ടി വരുന്ന ഗതികെട്ട പെങ്ങന്മാർ ഒരുപാടുണ്ട് ഇന്നും ഈ സമുദായത്തിൽ. ചെല്ലെടോ ദുനിയാവ് തന്നെ നരകം പോലെ ആയിപ്പോയ  അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ട് സ്വർഗ്ഗം കിട്ടുമോ എന്ന് നോക്ക് അവർക്കും നിങ്ങൾക്കും. അല്ലാതെ fb യിലെ പെണ്ണിന്റെ ഇൻബോക്സിൽ ചെന്നതിന്റെ ജാള്യം തീർക്കാൻ നിങ്ങൾക്കൊക്കെ  കളിക്കാനുള്ളതല്ല ദീൻ.

വാട്സാപ്പിലും യൂട്യുബിലും ദീൻ പഠിച്ച നിനക്കൊക്കെ  അറിയുമോ നാട്ടിലും വിദേശത്തുമൊക്കെ മത പഠശാലകളിൽ പഠിച്ച തഖ്‌വയുള്ള   ചെറുപ്പക്കാരടക്കം, മതബോധമുള്ള ഒരുപാട് പേരുണ്ട്  നിങ്ങളെപ്പോലെ ഫേസ്‌ബുക്കിൽ. അവരൊന്നും ഏതെങ്കിലും പെണ്ണിന്റെ പോസ്റ്റിനു ചോട്ടിൽ പോയിരുന്ന്‌  നരകത്തിലേക്ക് ടിക്കറ്റ് കൊടുക്കുകയല്ല.  വായിക്കാനും എഴുതാനും ചിന്തിക്കാനും മാന്യമായി സംവദിക്കാനുമാണ് ഈ ഇടം ഉപയോഗിക്കുന്നത്. നിങ്ങളുടെയൊക്കെ  'സെപ്റ്റിക് ടാങ്ക് സംസ്കാരം' കൊണ്ട് നാണം കെടേണ്ടി വരുന്നത് ഒരു സമുദായം മൊത്തമാണ്.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് ഇമ്മാതിരി കോപ്രായവുമായി fb യിലും വാട്സാപ്പിലും നിരങ്ങുന്നതിൽ ഏറെയും എന്നതാണ് ഏറെ ലജ്ജിപ്പിക്കുന്നത്. പെണ്ണ് എന്നാൽ വെറും കാമോപകരണം മാത്രമല്ലെന്നും ചിന്തയും സർഗ്ഗശേഷിയും കഴിവും വ്യക്തിത്വവും ഉള്ള മനുഷ്യർ തന്നെയാണ് എന്നും മനസ്സിലാക്കാനുള്ള ബോധവും വിവേകവും സംസ്കാരവും ഇല്ലെങ്കിൽ നീയൊക്കെ പഠിച്ച വിദ്യാഭ്യാസം കൊണ്ട് എന്ത് നേട്ടമാണെടോ ഉണ്ടായത്. ഇത്തിരിയെങ്കിലും സാമാന്യബോധം ഉണ്ടെങ്കിൽ ചിന്തിച്ചു നോക്ക്. ആരാന്റെ പെണ്ണിന്റെ ഔറത്തിൽ അല്ല ദീൻ. ഔറത്ത് മറക്കാൻ പോലും ഗതിയില്ലാത്ത വരെ കുറിച്ച് ചിന്തിക്കാനും ഉത്ക്കണ്ഠപ്പെടാനും കഴിയുന്നതാണ് മതബോധവും മാനവിക ബോധവും....... ആരോട് പറയാൻ.

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ